ജുവല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച; 37 പവന്‍ സ്വര്‍ണം നഷ്ടമായി

മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ ജുവല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച. 37  പവന്‍ സ്വര്‍ണം നഷ്ടമായി. ടൗണിലെ എസ്.എം ജുവല്ലറിയുടെ പിന്‍വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. 

രാവിലെയാണ് കവര്‍ച്ച ശ്രദ്ധയിപ്പെട്ടത്. എസ്.എം ജുവല്ലറയുടെ പിന്‍വശത്തെ ചുമരില്‍ ഒന്നര അടിയോളം വിസ്താരത്തില്‍ ദ്വാരമുണ്ടാക്കിയ കവര്‍ച്ചാസംഘം അകത്തു കടന്നത്. ജുവല്ലറയില്‍ സൂക്ഷിച്ചിരുന്ന 37 പവനോളം സ്വര്‍ണവുമായി സംഘം രക്ഷപ്പെട്ടു. സിസി.വി.ടി.വിയില്‍ കുടുങ്ങാതിരിക്കാന്‍ കൃത്യമായ കരുതലോടെയാണ് സംഘം അകത്തു കടന്നത്. സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ ക്യാമറ മറച്ച ശേഷമായിരുന്നു കവര്‍ച്ച. മോഷണസംഘം ലക്ഷ്യം പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനകം മടങ്ങിപ്പോയെന്നാണ് നിഗമനം.

പരിസരത്തെ മറ്റു സി.സി.ടി.വകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് സംശയം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 15 വര്‍ഷം മുന്‍പും ഇതേ ജുവല്ലറിയില്‍ മോഷണം ശ്രമം നടന്നെങ്കിലും കളളനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പുളിക്കല്‍ സ്വദേശികളായ ഷാജിയുടേയും മുസ്തഫയുടേയും ഉടമസ്തതയിലുളളതാണ് സ്വര്‍ണക്കട.