റിസബാവയുടെ കള്ളബുദ്ധി; കള്ളയൊപ്പ്; പൊളിച്ചത് ഫൊറന്‍സിക് റിപ്പോര്‍ട്ട്; ജീവിതത്തിലും വില്ലനായ കഥ

rizabava-fraud-case
SHARE

പതിനൊന്ന് ലക്ഷം രൂപ കടം വാങ്ങിയ ശേഷം വണ്ടിച്ചെക്ക് കൊടുത്ത കേസിലാണ് ചലച്ചിത്ര താരം റിസബാവയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് കോടതി  ശിക്ഷിച്ചത്.  റിസബാവയ്ക്ക് മൂന്നു മാസം തടവും പതിനൊന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. എളമക്കര സ്വദേശിയിൽ നിന്ന് പണം വാങ്ങിയ ശേഷം വണ്ടി ചെക്ക് നൽകി പറ്റിച്ച കേസിലാണ് റിസബാവയെ  സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം എൻ.ഐ.കോടതി ശിക്ഷിച്ചത്.

സിനിമ നടനായ തന്നെ നാറ്റിക്കാൻ നൽകിയ കേസാണെന്നും അപ്പീൽ പോകുമെന്നുമായിരുന്നു വിധി കേട്ട ശേഷമുള്ള റിസബാവയുടെ പ്രതികരണം. മൂന്നു വർഷം നീണ്ട വാദത്തിനൊടുവിലാണ് റിസബാവ കുറ്റക്കാരനെന്ന കോടതിയുടെ കണ്ടെത്തൽ. എളമക്കര സ്വദേശി സാദിഖിൽ നിന്ന് 2014 മെയ് മാസത്തിൽ പതിനൊന്ന് ലക്ഷം രൂപ വാങ്ങിയ ശേഷം വണ്ടി ചെക്ക് നൽകി പറ്റിച്ചെന്നാണ് കേസ്.

വണ്ടിച്ചെക്കു കേസുകള്‍ കേരളത്തില്‍ ഒരു പുതിയ സംഭവമേയല്ലെങ്കിലും വണ്ടിച്ചെക്കില്‍ തന്നെ നടത്തിയ കൃത്രിമമാണ് റിസബാവ കേസിനെ വ്യത്യസ്തമാക്കുന്നത്.

rzabawa-actor

തുടക്കം മാംഗല്യം

മട്ടാഞ്ചേരിയിലെ വ്യവസായിരുന്ന എളമക്കര സ്വദേശി സി.എം.സാദിഖില്‍ നിന്ന് 2014 മെയ് മാസത്തിലാണ് റിസബാവ 11 ലക്ഷം രൂപ കടം വാങ്ങുന്നത്. സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനെന്ന പേരിലായിരുന്നു പണം വാങ്ങിയത്. റിസബാവയുടെ മകളും സാദിഖിന്‍റെ മകനും തമ്മിലുളള വിവാഹാലോചന നടക്കുന്ന സമയത്ത് ഈ പരിചയത്തിന്‍റെ പേരിലാണ് സാദിഖ് റിസബാവയ്ക്ക് പണം നല്‍കിയത്. എന്നാല്‍ പറഞ്ഞ അവധിക്ക് പണം നല്‍കാതെ വന്നതോടെ ഇരുവരും തമ്മില്‍ തെറ്റി. വിവാഹം മുടങ്ങി. 

ഒടുവില്‍ 2015 ജനുവരി ഒന്നിന് കടം വാങ്ങിയ തുകയായ പതിനൊന്ന് ലക്ഷം രൂപയുടെ ചെക്ക് റിസബാവ സാദിഖിന് നല്‍കി. പിന്നെയും എഴുപത്തിയാറ് പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞ് െചക്കുമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് റിസബാവ നല്‍കിയത് വണ്ടിച്ചെക്കാണെന്നും താന്‍ കബളിപ്പിക്കപ്പെട്ടെന്നും സാദിഖിന് മനസിലായത്. തുടര്‍ന്ന് എളമക്കര പൊലീസില്‍ സാദിഖ് പരാതിയുമായെത്തി.

വാദിയെ പ്രതിയാക്കാന്‍ ശ്രമിച്ച സിനിമാ ബുദ്ധി‌‌‌

കേസ് കോടതിയില്‍ എത്തിയപ്പോഴായിരുന്നു സിനിമാക്കഥകളിലേതു പോലുളള  ട്വിസ്റ്റ്. തന്‍റെ പക്കല്‍ നിന്ന് ഒരു ചെക്ക് ലീഫ് കാണാതായെന്നും ഈ ചെക്കില്‍ കളള ഒപ്പിട്ട് തന്നില്‍ നിന്ന് പണം തട്ടാനുളള ശ്രമമാണ് പരാതിക്കാരനായ സാദിഖ് നടത്തുന്നതെന്നും റിസബാവ കോടതിയില്‍ വാദിച്ചു. ബാങ്ക് രേഖകളിലെ ഒപ്പും കേസിനാസ്പദമായ ചെക്കിലെ ഒപ്പും തമ്മിലുളള പ്രകടമായ വ്യത്യാസം റിസബാവയുടെ വാദത്തിന് ബലം പകരുകയും ചെയ്തു. ബാങ്ക് ജീവനക്കാരടക്കം ഒപ്പിലെ ഈ വ്യത്യാസം ചൂണ്ടിക്കാട്ടി കോടതിയില്‍ സാക്ഷി പറഞ്ഞു.  തന്‍റെ കണ്‍മുന്നില്‍ വച്ച് റിസബാവ ഒപ്പിട്ടു തന്ന ചെക്കില്‍ ഇങ്ങനെ മറ്റൊരു ചതിയും ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന കാര്യം അറിഞ്ഞ് പരാതിക്കാരനായ സാദിഖും ഞെട്ടി. തന്‍റെ മുന്നില്‍ വച്ച് റിസബാവ ഇട്ടത് കളള ഒപ്പാണെന്ന് പരാതിക്കാരന്‍ തിരിച്ചറിഞ്ഞത് കോടതിയില്‍ വച്ചു മാത്രം. സാദിഖിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് റിസബാവ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. 

വില്ലന്‍റെ കളളി പൊളിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട്

കണ്‍മുന്നില്‍ നടന്ന പുതിയ ചതിയെ പറ്റി ബോധ്യപ്പെട്ടപ്പോഴും റിസബാവ തന്നെ ഒപ്പിട്ട ചെക്കാണെന്ന വാദത്തില്‍ പരാതിക്കാരന്‍ ഉറച്ചു നിന്നു. ഇതോടെ ചെക്കിലെ ഒപ്പിനെ പറ്റി ഫൊറന്‍സിക് പരിശോധന നടത്തണമെന്നായി റിസബാവയുടെ ആവശ്യം . ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ റിസബാവ ഉന്നയിച്ച ഈ ആവശ്യമാണ് ഒടുവില്‍ അദ്ദേഹത്തിനു തന്നെ വിനയായത്. റിസബാവയുടെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഒപ്പിനെ പറ്റി  വിശദമായ പരിശോധന നടന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ റിസബാവ ഇട്ട ഒപ്പും ചെക്കിലെ ഒപ്പും തമ്മില്‍ താരതമ്യപ്പെടുത്തിയായിരുന്നു പരിശോധന. 

ഫൊറന്‍സിക് ലാബില്‍ നിന്ന് കോടതിയിലെത്തിയ അന്തിമ റിപ്പോര്‍ട്ട് പക്ഷേ, റിസബാവയുടെ വാദങ്ങളുടെ മുനയൊടിച്ചു. പരാതിക്കാസ്പദമായ ചെക്കിലെ ഒപ്പും റിസബാവയുടെ ഒപ്പും തമ്മില്‍ പതിനാല് സാദൃശ്യങ്ങളുണ്ടെന്നായിരുന്നു ഫൊറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍ . ഈ റിപ്പോര്‍ട്ട് വന്നതോടെ ചെക്ക് കളവുപോയെന്നും കളവുപോയ ചെക്കില്‍ പരാതിക്കാരനായ സാദിഖ് കളളയൊപ്പിട്ട് പണം തട്ടാന്‍ ശ്രമിച്ചെന്നുമുളള റിസബാവയുടെ വാദങ്ങള്‍ പൊളിഞ്ഞു .സിനിമയിലെ വില്ലന്‍ ജീവിതത്തിലും കാണിച്ച വില്ലത്തരം കോടതിയുടെ മുന്നില്‍ തെളിഞ്ഞു. അഡ്വ. ഉമര്‍ ഫറൂഖാണ് കേസില്‍ വാദിഭാഗത്തിന് വേണ്ടി ഹാജരായത്.

MORE IN Kuttapathram
SHOW MORE