ഫെയ്സ്ബുക്ക് കൂട്ടിൽ കുടുങ്ങി വീട്ടമ്മ; 70 പവൻ തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ

ഫെയ്സ്ബുക് വഴി പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് എഴുപതു പവന്റെ ആഭരണങ്ങള്‍ തട്ടിയെടുത്ത രണ്ടു പേരെ കുന്നംകുളം പൊലീസ് പിടികൂടി. പൊന്നാനി സ്വദേശി സിബിന്‍, സുഹൃത്ത് നിഷ എന്നിവരാണ് അറസ്റ്റിലയാത്. കുന്നംകുളം സ്വദേശിനിയായ വീട്ടമ്മയാണ് വഞ്ചിക്കപ്പെട്ടത്. ഫെയ്സ്ബുക് വഴിയായിരുന്നു പരിചയപ്പെടല്‍. ആദ്യം പരിചയപ്പെട്ടത് നിഷയെയായിരുന്നു. ഉറ്റസൗഹൃദമായതോടെ വിശ്വാസമായി. നിഷയാണ് സ്വന്തം സുഹൃത്ത് സിബിനെ വീട്ടമ്മയ്ക്കു പരിചയപ്പെടുത്തി. ഫെയ്സ്ബുക് വഴിയുള്ള സൗഹൃദം മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈമാറി സംസാരിച്ചതോടെ കൂടുതല്‍ ശക്തിപ്പെട്ടു. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. ഒരു മകനുണ്ട്. 

പല സമയങ്ങളിലായി ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് നിഷയും സിബിനും ആഭരണങ്ങള്‍ ചോദിക്കുമായിരുന്നു. നല്ല സുഹൃത്തുക്കളായതോടെ എഴുപതു പവന്റെ ആഭരണങ്ങളാണ് ഇവര്‍ കൈക്കലാക്കിയത്. നിഷ വിവാഹത്തിന് പോകാനെന്ന വ്യാജേനയാണ് ആഭരണങ്ങള്‍ കൈക്കലാക്കിയത്. പിന്നെ, തിരിച്ചു നല്‍കിയില്ല. ആഭരണങ്ങള്‍ പണയപ്പെടുത്തിയ സ്ഥലം പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക് വഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം തട്ടിപ്പു നടത്തുകയാണ് സിബിന്റെ ശൈലിയെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തായ നിഷ ഒത്താശ ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.