ശമ്പള കുടിശിക തർക്കം കൊലയിലേക്ക് നയിച്ചു; പ്രതിക്ക് ജീവപര്യന്തം

ഒഡിഷ സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. മൂര്‍ഷിദാബാദ് സ്വദേശിയായ ബേനു ദാസിനെയാണ് വടക്കന്‍ പറവൂര്‍ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. 

2017 ഏപ്രില്‍ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കേരളത്തില്‍ ജോലിക്ക് കൊണ്ടുവന്ന ഒഡീഷ സ്വദേശി അശോക് പത്രയെയാണ് ബേനു ദാസ് കൊലപ്പെടുത്തിയത്. ബേനു നെടുമ്പാശേരി സിയാല്‍ ഗോള്‍ഫ് ക്ലബില്‍ ജോലി ചെയ്ത വകയില്‍ രണ്ടുമാസത്തെ ശമ്പളം അശോക് പത്ര നല്‍കാനുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. രാത്രി എട്ടുമണിയോടെ അശോക് താമസിക്കുന്ന നെടുമ്പാശേരിയിലെ വാടകവീട്ടില്‍ പ്രതി എത്തി. 

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന അശോക് പത്രയെ ബേനുദാസ് പിന്നില്‍ നിന്ന് കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഒഡിഷ സ്വദേശികളായ ഏതാനും തൊഴിലാളികള്‍ ഇതേസമയത്ത് വാടകവീട്ടിലുണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകളും ദൃക്സാക്ഷികളുടെ മൊഴികളുമാണ് കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായത്.