രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിമരുന്നിടുന്ന സംഘം പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് രാഷ്ട്രീയ പാര്‍ട്ടികളെ തമ്മിലടിപ്പിക്കുന്ന വിരുതൻമാര്‍ പിടിയില്‍. രാത്രികാലങ്ങളില്‍ പാര്‍ട്ടി ഓഫീസുകളില്‍ ബോംബുകളെറിഞ്ഞ് സിപിഎം ബിജെപി പ്രവര്‍ത്തകരില്‍ തെറ്റിധാരണ സൃഷ്ടിച്ചായിരുന്നു ഇവര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നത്. 

കഴിഞ്ഞ നാലാം തീയതി കഴക്കൂട്ടം ഞാണ്ടൂര്‍ക്കോണത്ത് ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ദീന്‍ ദയാല്‍ ക്ലബിന് നേരെ പടക്കമേറുണ്ടായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് കഴക്കൂട്ടം സ്വദേശി അഖില്‍, വട്ടപ്പാറ സ്വദേശി ഉണ്ണി, പോത്തന്‍ക്കോട് സ്വദേശി ഷിയാസ്, കല്ലറ സ്വദേശി അമല്‍ദാസ് എന്നിവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബി.ജെ.പി....സി.പി.എം പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്നത് ഇവരുടെ പതിവാണെന്ന് കണ്ടെത്തിയത്. പ്രദേശത്ത് നിലനിന്നിരുന്ന രാഷ്ട്രീയ സംഘര്‍ഷാവസ്ഥ മുതലെടുത്തായിരുന്നു ഇവരുടെ നീക്കങ്ങള്‍.

ഇരുപാര്‍ട്ടികളോടുമുള്ള വ്യക്തി വൈരാഗ്യമായിരുന്നു ഇവരുടെ നീക്കത്തിനുപിന്നില്‍.  ഒന്നാം പ്രതി അഖിലിനെ സിപിഎമ്മില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതാണ് സി.പി.എമ്മിനോടുള്ള വൈരാഗ്യം. ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് അവരോടുള്ള വൈരാഗ്യത്തിനും കാരണമായി. പലപ്പോഴായി പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ മൊഴി നല്‍കി.  കഴക്കൂട്ടം സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.