റോഡ് അപകടത്തെ തുടർന്ന് കോമയിൽ കഴിയുന്ന യുവാവിന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാൽ താക്കറെ ട്രോമ കെയർ ആശുപത്രിയിലാണ് ദാരുണമായ സംഭവം. പർമീന്ദർ ഗുപ്ത എന്ന 27കാരന്റെ കണ്ണാണ് എലി കരണ്ടെടുത്തത്.
ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ വലത് കണ്‍പോളയാണ് എലി കരണ്ടതെന്ന് പിതാവ് പറഞ്ഞു. രാവിലെ മകന്റെ കണ്ണില്‍ നിന്നും രക്തം വരുന്നതിനെ തുടര്‍ന്നാണ് താന്‍ ഇക്കാര്യം ശ്രദ്ധിച്ചത്. രണ്ട് എലികള്‍ രാത്രിയില്‍ വാര്‍ഡിലുണ്ടായിരുന്നു. പക്ഷേ അവ മകനെ കടിച്ച കാര്യം അറിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
റോഡ് അപകടത്തെ തുടര്‍ന്ന് കോമയില്‍ കഴിയുന്ന പര്‍മീന്ദര്‍ ഗുപ്തയെ രണ്ട് ദിവസം മുന്‍പാണ് ഐസിയുവില്‍ നിന്നും ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. റോഡ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം മാര്‍ച്ച് രണ്ടു മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രി ബില്‍ 6 ലക്ഷം രൂപയില്‍ എത്തിയതോടെ അച്ഛന്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മസ്തിഷ്‌കത്തില്‍ രക്തം കട്ട പിടിച്ചതിനാല്‍ രോഗിക്ക് അപകടത്തിനു ശേഷം ഇതു വരെ ബോധം തിരിച്ചുകിട്ടിയില്ല. പിതാവ് പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.