വിഐപി ഡ്യൂട്ടിയുടെ പേരില്‍ ദുരിതം; നിസഹകരണവുമായി കെജിഎംഒഎ

വിഐപി ഡ്യൂട്ടിയുടെ പേരില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നേരിടേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന ആരോപണവുമായി കെജിഎംഒഎ. വിഐപി ഡ്യൂട്ടി സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഉത്തരവുകളില്‍ അതിശക്തമായ ബഹിഷ്കരണം തുടരാനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം. കെജിഎംഒഎയുടെ പരാതിയില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരിക്കുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ കോട്ടയത്തെത്തിയ ഗോവ ഗവര്‍ണറെ കാത്ത് കിടക്കുന്ന മെഡിക്കല്‍ സംഘത്തിന്‍റെ ആംബുലന്‍സാണിത്. നാല് മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗവര്‍ണറെത്തിയത്. ഏപ്രില്‍ 27 മുതല്‍ മേയ് നാല് വരെ കൊച്ചിയില്‍ സന്ദര്‍ശനം നടത്തുന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കായുള്ള വിഐപി ഡ്യൂട്ടി സംബന്ധിച്ച ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവാണിത്. ഒരു ദിവസം വേണ്ടത് നാല് സംഘത്തെ. അകമ്പടി പോകേണ്ടത് രണ്ടില്‍ താഴെ ഡോക്ടര്‍മാരുടെ സേവനം മാത്രമുള്ള പ്രാഥമിക കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ജില്ലാ താലൂക്ക് ആശുപത്രികളിലെ ആംബുലന്‍സുകളും. രോഗികള്‍ക്ക്  ചികിത്സകിട്ടിയില്ലെങ്കിലും വിഐപി സേവനം തടസപ്പെടരുത്. മെഡിക്കല്‍ സംഘം സഞ്ചരിക്കുന്ന ആംബുലന്‍സിന് ഇന്ധനമടിക്കേണ്ടത് ആശുപത്രി വികസന ഫണ്ടിലെ തുക ഉപയോഗിച്ചും. 

വിഐപികള്‍ക്കായി കാത്ത് കിടക്കുന്ന വനിതാഡോക്ടര്‍മാര്‍ക്കടക്കം താമസസൗകര്യങ്ങള്‍ സ്വയം കണ്ടെത്തേണ്ട ഗതികേടിലും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് കൂടി കാരണമായതോടെയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ പുറത്തിറക്കുന്ന ഉത്തരവ് ബഹിഷ്കരിക്കാന്‍ കെജിഎംഒഎ തീരുമാനിച്ചതും. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ കൂടാതെ സെഡ് പ്ലസ് കാറ്റഗറിയില്‍പ്പെടുന്ന വിവിഐപികളുടെ ഡ്യൂട്ടികള്‍ക്ക് മാത്രമേ ഇനി ഡോക്ടര്‍മാര്‍ അകമ്പടി പോകൂ. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിഐപി ഡ്യൂട്ടികളോടുള്ള നിസഹകരണവുമായി കെജിഎംഒഎ മുന്നോട്ട് പോകും.

Enter AMP Embedded Script