എക്‌സാലോജിക് സിഎംആര്‍എല്‍ ദുരൂഹയിടപാട്: വീണാ വിജയനെ ചോദ്യംചെയ്യാനൊരുങ്ങി ഇഡി

എക്‌സാലോജിക് സിഎംആര്‍എല്‍ ദുരൂഹയിടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യംചെയ്യാനൊരുങ്ങി ഇഡി. സിഎംആര്‍എല്‍ ജീവനക്കാരെ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നീക്കം. വീണയുമായും എക്സാലോജിക്കുമായുണ്ടാക്കിയ രേഖകളടക്കം ഹാജരാക്കിയെങ്കിലും അവര്‍ നല്‍കിയ സേവനങ്ങള്‍ സംബന്ധിച്ച് ജീവനക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.  

സിഎംആര്‍എല്‍ ഐടി മാനേജര്‍ എന്‍.സി. ചന്ദ്രശേഖര്‍, സീനിയര്‍ ഓഫിസര്‍ അഞ്ചു റേച്ചല്‍ കുരുവിള എന്നിവരാണ് ഇന്നലെ ആദ്യം ഇഡി ഓഫിസില്‍ ഹാജരായത്. പതിനൊന്ന് മണിയോടെ കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ്‌കുമാറുമെത്തി.  ഉച്ചയ്ക്ക് പതിനൊന്നരയോടെ അഞ്ചുവിന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. രണ്ട് മണിയോടെ ഐടി മാനേജര്‍ ചന്ദ്രശേഖറിന്‍റെയും. ഇരുവരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചത് ഇന്ന് രാവിലെ പതിനൊന്നരയോടെ. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്. സുരേഷ്കുമാറിനെ പതിനാല് മണിക്കൂറോളം ചോദ്യം ചെയ്തു. 

രാപ്പകല്‍ നീണ്ട ചോദ്യം ചെയ്യലില്‍ വീണയുടെയും എക്സാലോജിക്കിന്‍റെയും നിയമനം സംബന്ധിച്ച വിവരങളില്‍ പണമിടപാടുകളിലും ഇഡി വ്യക്തത വരുത്തി. എന്നാല്‍ സേവനം സംബന്ധിച്ച കാര്യങ്ങളില്‍ മറുപടികള്‍ കൃത്യമായിരുന്നില്ല. വീണയെയും എക്സാലോജിക്കിനെയും നിയമിച്ച രേഖകളും പണം കൈമാറിയതിന്‍റെ വിവരങ്ങളും ഇഡി ശേഖരിച്ചു. അന്വേഷണം വീണ വിജയനെ കേന്ദ്രീകരിച്ചെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യല്‍. പ്രമാധമായ മറ്റൊരു കേസിലുമില്ലാത്ത ഇഡിയുടെ അസാധാരണ നീക്കം. 

അന്വേഷണത്തെ തടയിടാന്‍ തുടര്‍ന്നും നീക്കങ്ങളുണ്ടാകുമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ തന്നെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇഡി ലക്ഷ്യം. തുടര്‍ച്ചയായി രണ്ട് ദിവസം നോട്ടീസ് നല്‍കിയിട്ടും എംഡി ശശിധരന്‍ കര്‍ത്ത ചോദ്യംചെയ്യലിന് ഹാജരായില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇഡി തുടര്‍ച്ചയായ രണ്ടാംദിവസവും നോട്ടിസ് നല്‍കി. ആദായനികുതി വകുപ്പിന് വീണയ്ക്കെതിരെ നിര്‍ണായക മൊഴിനല്‍കിയത് ശശിധരന്‍ കര്‍ത്തയാണ്. വീണയും കമ്പനിയും ഈ ദിവസം വരെ സോഫ്റ്റ് വെയര്‍ എന്ന രീതിയിലോ മറ്റൊരു തരത്തിലും സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നും എന്നാല്‍ മാസാമാസം കരാര്‍പ്രകാരമുള്ള തുക കൈമാറിയിട്ടുണ്ടെന്നുമായിരുന്നു കര്‍ത്തയുടെ മൊഴി.

Enforcement Directorate ready to question Chief Minister's daughter Veena Vijayan in Exalogic CMRL mystery case

Enter AMP Embedded Script