blackmagic

അന്ധവിശ്വാസത്തിന്‍റെ സ്വാധീനം കേരളത്തില്‍ മൂന്ന് ജീവന്‍ കൂടി എടുത്തെന്ന് സംശയം ഉയരുമ്പോഴും  അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമം കൊണ്ടുവരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസില്‍ തന്നെ. അന്ധവിശ്വാസത്തിന്‍റെ മറവിൽ മനുഷ്യ ജീവനോ, സ്വത്തിനോ നാശമുണ്ടായാൽ കടുത്ത ശിക്ഷ നൽകുന്ന നിയമത്തിന്‍റെ കരട് തയ്യാറാക്കിയെങ്കിലും നിയമമാക്കാൻ സർക്കാർ തയാറായിട്ടില്ല. മതസംഘടനകളുടെ എതിര്‍പ്പ് മൂലം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. 

 

നന്തന്‍കോട് കൂട്ടക്കൊലപാതകം എന്ന് ഇന്ന് കേട്ടാലും കേരളം ഞെട്ടും. അച്ഛനും അമ്മയും സഹോദരിയും ബന്ധുവും അടക്കം നാല് പേരെയാണ് കേഡല്‍ ജീന്‍സണ്‍രാജ വെട്ടിക്കൊന്ന് കത്തിച്ചത്. ക്രൂരതയ്ക്കുള്ള കാരണമോ, ശരീരത്തില്‍ നിന്ന് ആത്മാവിന് മോചിപ്പിക്കുന്ന ദുര്‍മന്ത്രവാദവും. 2017ലെ നന്തന്‍കോട് നിന്ന് കാലം മുന്നോട്ട് മാറിയെങ്കിലും ദുര്‍മന്ത്രവാദത്തെ ആശ്രയിക്കുന്ന സൈക്കോ ക്രിമിനലുകള്‍ മാറിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ടക്കൊല നടത്തി മാംസം ഭക്ഷിച്ച നരബലി. നൂറ് ശതമാനം സാക്ഷരതയുണ്ടെന്ന് അവകാശപ്പെടുന്ന നമ്മുടെ നാട്ടില്‍ ഇത്തരം അനാചാരക്കൊലകള്‍ തുടരുന്നതോടെയാണ് മുഖ്യമന്ത്രി പുതിയ നിയമം പ്രഖ്യാപിച്ചത്.

 

ആഭ്യന്തരവകുപ്പും നിയമവകുപ്പും കരട് തയാറാക്കി. മനുഷ്യന്‍റെ ജീവനോ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന ആഭിചാരക്രിയകൾ, നഗ്നപൂജ, സ്ത്രീകളെ മന്ത്രവാദത്തിന്‍റെ പേരിൽ ചൂഷണം ചെയ്യൽ, മൃഗബലി നൽകൽ തുടങ്ങിയവക്കെല്ലാം ഗുരുതര ശിക്ഷകള്‍. പ്രാർത്ഥനയിലൂടെയുള്ള രോഗശാന്തി വാഗ്ദാനങ്ങളും അമാനുഷികശക്തിയുണ്ടെന്ന തരത്തിലുള്ള അവകാശങ്ങളുമെല്ലാം നിയമത്തിന്‍റെ പരിധിയിലാക്കി. ചില വ്യവസ്ഥകള്‍ക്കെതിരെ മതസംഘടനകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെ കൂടുതല്‍ ചര്‍ച്ച വേണമെന്ന് പറഞ്ഞ് മാറ്റിവച്ച കരട് പിന്നീട് വെളിച്ചം കണ്ടിട്ടില്ല.