forestaction

റാന്നി പ്ലാച്ചേരി സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയെന്ന  റിപ്പോർട്ട് നൽകിയ റേഞ്ചർ ബി ആർ ജയനും ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അര്‍.അജയ്ക്കും സസ്പെൻഷൻ. വ്യക്തിവൈരാഗത്തിന്‍റെ പേരില്‍ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെ ഉത്തരവ്.

 

വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച ഉന്നതതല യോഗത്തിൽ കർശന നടപടിക്ക് ശുപാർശ ചെയ്തതിന് പിന്നാലെയാണ് അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫിന്‍റെ ഉത്തരവ്.

പ്രതിയായ അജേഷിന്‍റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേർത്തെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ഫോണിൽ റെക്കോർഡ് ചെയ്ത പ്രതിയുടെ മൊഴി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന്‍റെ നടപടി വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കിയതായി വിലയിരുത്തി. തന്‍റെ അധികാരപരിധിയിൽ കുറ്റകൃത്യം കണ്ടെത്തിയതിന് പിന്നാലെ സാധാരണയായി സ്വീകരിക്കേണ്ട കേരള ഫോറസ്റ്റ് കോഡ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ ബി ആർ ജയൻ പാലിച്ചില്ല. കുറ്റാരോപിതനെ സ്വാധീനിച്ച് കൃത്രിമമായ തെളിവുകൾ ഉണ്ടാക്കി മുൻപ് തൊഴിൽ പീഡന പരാതി നൽകിയ വനിതാ ജീവനക്കാരെ കുടുക്കാൻ ശ്രമിച്ചെന്ന വനം വിജിലൻസിന്‍റെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് ഉത്തരവ്.  സ്റ്റേഷൻ പരിധിക്കുള്ളിൽ നടന്ന സംഭവത്തിൽ കൃത്യമായി റിപ്പോർട്ട് തയ്യാറാക്കാതിരുന്ന പ്ലാച്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന വിലയിരുത്തൽ ഉണ്ടായിരുന്നെങ്കിലും ഇവർക്കെതിരെ നടപടി എടുത്തിട്ടില്ല.