രക്തംവാര്‍ന്ന് മരിച്ചാല്‍ മാത്രം പരലോകജീവിതമെന്ന് വിശ്വസിച്ചു; സ്വാധീനിച്ചത് ഡാര്‍ക് നെറ്റുകള്‍?

Aruachalnaveen
SHARE

അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളികള്‍ അന്ധവിശ്വാസത്തിന് അടിമയായി ജീവനൊടുക്കിയതെന്ന നിഗമനത്തില്‍ പൊലീസ്. അന്യഗ്രഹ ജീവിതമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആയൂര്‍വേദ ഡോക്ടറായ നവീന്‍ തോമസാണ് ഭാര്യ ദേവിയെയും സുഹൃത്ത് ആര്യയെയും കെണിയില്‍ വീഴ്ത്തിയതെന്നും നിഗമനം. രക്തം വാര്‍ന്ന് മരിക്കാന്‍ തീരുമാനിച്ചത് ഡാര്‍ക് നെറ്റുകള്‍ നിരീക്ഷിച്ചെന്നും സംശയം. ചതിയില്‍വീഴ്ത്തിയത് നവീനാണെന്ന് ആര്യയുടെ കുടുംബം ആരോപിച്ചു.

ഒരുമിച്ച് പഠിച്ച് ആയൂര്‍വേദ ഡോക്ടറായവരാണ് നവീനും ദേവിയും. മതവിശ്വാസത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ത്ത്  വീട്ടുകാരുടെ സമ്മതത്തോടെ ജീവിതം തുടങ്ങിയവര്‍. ഡോക്ടര്‍ ജോലി മടുത്തെന്ന് പറഞ്ഞ് പിന്നീട് നവീന്‍ ബിസിനസിലേക്കും ദേവി അധ്യാപനത്തിലേക്കും കടന്നു. തിരുവനന്തപുരത്തെ സ്കൂളില്‍ പഠിപ്പിക്കാനെത്തിയപ്പോഴാണ് ദേവി ആര്യയെ പരിചയപ്പെടുന്നത്. ബിസിനസിലേക്ക് കടന്ന നവീന്‍റെ ചിന്തകളും മാറി. ഭൂമിക്ക് അപ്പുറം മറ്റൊരു ലോകവും അവിടെ ഇതിനേക്കാള്‍ മികച്ച ജീവിതവുമുണ്ടെന്ന് വിശ്വസിച്ചു. ഡാര്‍ക് നെറ്റിലടക്കം അത്തരം ഗ്രൂപ്പുകളില്‍ അംഗമായി. പുറംലോകത്തോട് അധികം അടുപ്പമില്ലാതായി. പിന്നീട് ഭാര്യയേയും അതുവഴി ആര്യയേയും ഈ ന്യൂജെന്‍ അന്ധവിശ്വാസത്തിന്‍റെ അടിമകളാക്കി. ആര്യയുടെ മൊബൈലിലേക്ക് മൃതദേഹത്തിന്‍റെയും രക്തത്തുള്ളികളുടെയുമൊക്കെ ചിത്രങ്ങള്‍ അയച്ച് നല്‍കി. സഹപ്രവര്‍ത്തകയുടെ കുടുംബവുമായുള്ള അടുപ്പം എന്നതിനപ്പുറം മറ്റൊന്നും അറിയാതിരുന്ന ആര്യയുടെ കുടുംബം ഇപ്പോള്‍ സംശയിക്കുന്നത് മുഴുവന്‍ നവീനെയാണ്.

അടുത്തമാസം ഏഴിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതോടെയാണ് മരണയാത്രക്ക് തീരുമാനിച്ചത്. 16ന് കോട്ടയത്തെ വീട്ടില്‍ നിന്നിറങ്ങിയ നവീനും ദേവിയും പത്ത് ദിവസം തിരുവനന്തപുരത്ത് താമസിച്ചു. 27ന് സ്കൂളില്‍ പോകുന്നൂവെന്ന് പറഞ്ഞിറങ്ങിയ ആര്യയേയും കൂട്ടി അന്ന് വൈകിട്ട് അരുണാചല്‍ പ്രദേശിലേക്ക് പറന്നു.  രക്തം വാര്‍ന്ന് മരിച്ചാല്‍ മാത്രമാണ് പരലോകജീവിതം സാധ്യമാകുവെന്ന വിശ്വാസത്തിലാണ് ശരീരത്തില്‍ മുറിവുണ്ടാക്കിയുള്ള ദാരുണമരണമെന്നാണ് സൂചന. 

MORE IN KERALA
SHOW MORE