prinsreturn

മനുഷ്യക്കടത്തിനിരയായി റഷ്യയിൽ  കുടുങ്ങിയ മലയാളി യുവാക്കൾ നാടിന്‍റെ സുരക്ഷിതത്വത്തിലേയ്ക്ക്. അഞ്ച് തെങ്ങ്  സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ ഇന്നു പുലർച്ചെ വീട്ടിലെത്തി. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ ഇന്ന് രാത്രിയോടെ വീട്ടിലെത്തും. ചിതറിത്തെറിച്ച നൂറു കണക്കിന്  മൃതദേഹങ്ങൾ കണ്ടതും മൃതദേഹമുകളിൽ പരുക്കേറ്റു കിടന്നതും ഉൾപ്പെടെ യുദ്ധഭൂമിയിലെ ഭീകരാനുഭവങ്ങൾ പ്രിൻസ് മനോരമ ന്യൂസുമായി പങ്കുവച്ചു. 

 

തീമഴ പെയ്യിക്കുന്ന ബോംബുകൾക്ക് നടുവിൽ നിന്ന് പ്രിൻസ്  സെബാസ്റ്റ്യൻ വീടിന്‍റെ തണുപ്പിലേയ്ക്ക് മടങ്ങിയെത്തി. മൂന്നു മാസമായി ആധിപിടിച്ചു കഴിഞ്ഞ കുടുംബാംഗങ്ങൾക്ക് ആശ്വാസ ദിനം. വീട്ടിലേയ്ക്ക് വഴി തുറന്ന മനോരമ ന്യൂസിനുo കുടുംബത്തിന്‍റെ നന്ദി.  ഡ്രോൺ ആക്രമണത്തിൽ പ്രിൻസിന് സാരമായി  പരുക്കേറ്റിരുന്നു.   ചിതറിയ മൃതദേഹങ്ങൾക്ക് നടുവിലൂടെ മൂന്നു കിലോമീറ്ററോളം ഇഴഞ്ഞ് പുറത്തു കടന്ന അനുഭവം പങ്കിടുമ്പോൾ പ്രിൻസിന് നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല. 

 

മലയാളി ഏജൻറുമാരാണ് കബളിപ്പിച്ച് റഷ്യൻ കൂലി പട്ടാളത്തിൽ ചേർത്തതെന്നും പ്രിൻസ് പറഞ്ഞു. മനോരമ ന്യൂസ് വാർത്തയേത്തുടർന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ സജീവമായി ഇടപെട്ടു. ഇന്ത്യൻ എംബസി താല്ക്കാലിക യാത്രാ രേഖ നല്കിയതോടെയാണ് മടക്കം സാധ്യമായത്.