theft-case

 

തൃശൂര്‍ പഴയന്നൂരിലെ ജ്വല്ലറിയില്‍ പത്തു സെക്കന്‍റ് കൊണ്ട് മോഷ്ടാവ് കവര്‍ന്നത് രണ്ടു പവന്‍റെ ആഭരണം. സ്വര്‍ണത്തിനു വില കൂടിയതോടെ ഇത്തരം പിടിച്ചുപറികള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. 

 

പഴയന്നൂരിലെ ദീപ ജ്വല്ലറിയില്‍ ഇന്നലെ രാത്രിയായിരുന്നു പിടിച്ചുപറി. ബൈക്കില്‍ എത്തിയ യുവാവ് ഹെല്‍മറ്റ് ധരിച്ച് ജ്വല്ലറിയില്‍ കയറി. കയ്യില്‍ കിട്ടിയ ആഭരണങ്ങളെടുത്ത് ഞൊടിയിടയില്‍ ജ്വല്ലറിയില്‍ നിന്നിറങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ആളുടെ പിന്നാലെ പായുമ്പോഴേയ്ക്കും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പിടിച്ചുപറിയുടെ വേഗത ജ്വല്ലറി ഉടമയും പൊലീസും തിരിച്ചറിയുന്നത്. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ജ്വല്ലറിയ്ക്കു മുമ്പില്‍ നിര്‍ത്തിയിരുന്നു. വണ്ടിയില്‍ നിന്നിറങ്ങിയ ഉടനെ ജ്വല്ലറിയില്‍ കയറുന്നു. ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ച ഇടത്തു നിന്ന് കയ്യില്‍ കിട്ടിയ സ്വര്‍ണം വാരുന്നു. പുറത്തു കടന്ന് വണ്ടിയില്‍ രക്ഷപ്പെടുന്നു. 

 

പൊന്നിന് വില കൂടിയതോടെ പിടിച്ചുപറികള്‍ കൂടാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതുക്കൊണ്ടുതന്നെ, ജ്വല്ലറികള്‍ ജാഗ്രത പാലിക്കണം. മോഷ്ടാവിനെ തിരിച്ചറിയാന്‍ പഴയന്നൂര്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.