Karuvanoor-CPM

 

 

 

കരുവന്നൂര്‍ കള്ളപ്പണമിടപാടിലെ ഇഡി കണ്ടെത്തലുകള്‍ സിപിഎമ്മിന്‍റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി. രഹസ്യഅക്കൗണ്ടുകള്‍ക്ക് പുറമെ കോടികളുടെ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ഇഡിയുടെ കണ്ടെത്തലുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവെച്ചാല്‍ പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവുമടക്കം നഷ്ടമാകും. സംസ്ഥാനത്തെ വിവിധ ഘടകങ്ങളുടെ പേരിലുള്ള മുഴുവന്‍ അക്കൗണ്ടുകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ഇഡി ആവശ്യപ്പെടുന്നു.  

 

 

ഇലക്ട്രല്‍ ബോണ്ടുകള്‍ നിന്ന് അകലംപാലിച്ച സിപിഎം നിയമപോരാട്ടത്തിലെ വിജയവും ഉയര്‍ത്തികാട്ടുമ്പോള്‍ കേരളത്തില്‍ സിപിഎം നടത്തിയത് വലിയ കൊള്ളയെന്ന് ആവര്‍ത്തിക്കുകയാണ് ഇഡി. കരുവന്നൂരില്‍ സാധാരണക്കാരെ കബളിപ്പിച്ച് തട്ടിയ കോടികള്‍ പാര്‍ട്ടി അക്കൗണ്ടുകളിലേക്കും നേതാക്കളുടെ പോക്കറ്റിലേക്കും ഒഴുകിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിപിഎമ്മിനെ വെട്ടിലാക്കുന്നത് മുന്‍ പാര്‍ട്ടി അംഗങ്ങളുടെ തന്നെ മൊഴിയാണ്. കേസില്‍ മാപ്പുസാക്ഷിയായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ ടി.ആറിന്‍റെ മൊഴിയാണ് ഇതില്‍ നിര്‍ണായകം. ബെനാമി ലോണുകള്‍ അനുവദിച്ചത് എ.സി. മൊയ്തീന്‍, പാലോളി മുഹമ്മദ് കുട്ടി, പി.രാജീവ് അടക്കമുളള നേതാക്കളുടെ സമ്മര്‍ദത്തിലാണെന്നാണ് മൊഴി. അനധികൃത ലോണുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മിനിറ്റ്സായി സൂക്ഷിച്ചുവെന്നും പാര്‍ട്ടി അന്വേഷണം നടത്തിയ കാലയളവില്‍ ഇത് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് മാറ്റിയെന്നും മൊഴിയുണ്ട്. 

 

തൃശൂരിലെ പതിനേഴ് ഏരിയാ കമ്മിറ്റികളുടെ അക്കൗണ്ട് വിവരങ്ങളാണ് ഇഡി ശേഖരിച്ചത്. ഇതിലാണ് 25 രഹസ്യ അക്കൗണ്ടുകള്‍ കണ്ടെത്തിയത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം നാല് അക്കൗണ്ടുകളുടെ വിവരങ്ങള്‍ മാത്രമാണ് ഇഡിക്കും തിരഞ്ഞെടുപ്പ് കമ്മിഷനടക്കം കൈമാറിയിട്ടുള്ളത്. ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റികളും പലപേരുകളില്‍ രഹസ്യ അക്കൗണ്ടുകള്‍ തുറന്ന് കോടികളുടെ ഇടപാട് നടത്തിയതായും ഇഡി സംശയിക്കുന്നു. പാര്‍ട്ടി അക്കൗണ്ടുകളില്‍ വിപുലമായ പരിശോധന വേണമെന്നാണ് ഇഡി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോടികളുടെ ഭൂസ്വത്തിന്‍റെ വിവരങ്ങളും പാര്‍ട്ടി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. രണ്ട് മാസം മുന്‍പ് ഇഡി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കമ്മിഷന്‍ ആദായ നികുതിവകുപ്പില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയെന്നാണ് സൂചന. ഭയമില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോളും പാര്‍ട്ടിയുടെ അടിവേര് തന്നെ ഇളക്കുന്നതാണ് ഇഡിയുടെ നീക്കം.