ശതകോടികള്‍ വരുമാനം; ശബരിമല ക്ഷേത്രത്തിന്‍റെ സ്ഥിരനിക്ഷേപം 41 ലക്ഷം രൂപ

ശതകോടികള്‍ വരുമാനമുള്ള ശബരിമല ക്ഷേത്രത്തിന് സ്ഥിരനിക്ഷേപമായി ബാങ്കിലുള്ളത് 41 ലക്ഷം രൂപ. മൂല്യം നിര്‍ണയിക്കാത്ത 227 കിലോ സ്വര്‍ണവും, 2994 കിലോ വെള്ളിയും സ്വത്തായുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഭൂസ്വത്തിന്റെ സര്‍വേ നടക്കുന്നുവെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

ശബരിമല ക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് നടവരവ് മാത്രം ശരാശരി നൂറ്റിയന്‍പത് കോടി രൂപയാണ്. അപ്പം അരവണ വരുമാനം, ക്ഷേത്രപരിസരത്തെ വാടക വരുമാനം എന്നിവയെല്ലാം ഇതിന് പുറമേ. ഇത്രയധികം വരുമാനമുള്ള ശബരിമല ക്ഷേത്രത്തിന് ആകെയുള്ള സ്ഥിരനിക്ഷേപം 41.74 ലക്ഷം രൂപയാണ്. പൗരാണിക മൂല്യമുള്ളതടക്കം 227 കിലോ സ്വര്‍ണവും, 2994 കിലോ വെള്ളിയുമുണ്ട്. ക്ഷേത്രത്തിന് പലപ്പോഴായി കിട്ടിയ ഭൂസ്വത്തിന്റെ സര്‍വേ ഹൈക്കോടതി നിര്‍ദേശപ്രകാരം പുരോഗമിക്കുകയാണ്. രത്നങ്ങളും, വജ്രങ്ങളുമുണ്ടെങ്കിലും മൂല്യം നിര്‍ണയിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ നല്‍കാനാകില്ലെന്ന നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അപ്പീല്‍ നടപടികള്‍ക്കൊടുവിലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണം പന്തളം കൊട്ടാരത്തിന്റേതാണെന്നും മറുപടിയിലുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ചെലവുകളും ശബരിമലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതേസമയം ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിന് 1737 കോടി രൂപയാണ് ബാങ്കില്‍ സ്ഥിരനിക്ഷേപമുള്ളത്.

Enter AMP Embedded Script
MORE IN KERALA