dhoni

മാനന്തവാടിയിലെ ആനപ്പേടി തുടരുന്നതിനിടെ പാലക്കാട് ധോണിയിലും കോഴിക്കോട്ടെ വിലങ്ങാടും കാട്ടാനയുടെ പരാക്രമം. പാലക്കാട് പഴംപുള്ളിയിലെ ജനവാസമേഖലയില്‍ രാത്രിയിലിറങ്ങിയ കാട്ടാന വാഴ കൃഷിയും സംരക്ഷണഭിത്തിയും നശിപ്പിച്ച് ഏറെ നേരം വീടുകള്‍ക്ക് സമീപം നിലയുറപ്പിച്ചു. കോഴിക്കോട് വിലങ്ങാട്ടെ ജനവാസ മേഖലയിൽ രാവിലെ ഇറങ്ങിയ ഒറ്റയാന്‍ വ്യാപകമായി കൃഷിനശിപ്പിച്ചു. 

 

ഒരു വര്‍ഷം മുന്‍പ് കൂട്ടിലാകും വരെ നാടിനെ വിറപ്പിച്ച പിടി സെവന്‍. കൂട്ടില്‍ കയറി മര്യാദക്കാരനായ പിടി സെവന്‍ ധോണി ക്യാംപിലുണ്ടെങ്കിലും അത്ര അനുസരണയില്ലാത്ത ചിലര്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയെന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. രാത്രിയിലെത്തിയ ആന തോട്ടത്തിലെ കമ്പിവേലി തകര്‍ത്തു. വീടിന് സമീപം എത്തി ചെറുതും വലുതുമായ അന്‍പതിലേറെ വാഴ നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി ടോര്‍ച്ച് തെളിച്ചതോടെ ആന മരത്തിന്റെ മറവിലേക്ക് മാറാന്‍ ശ്രമിച്ചു. പിന്നീട് വന്ന വഴി വനത്തിലേക്ക് മടങ്ങി. നെഞ്ചിടിപ്പ് കൂട്ടിയ മണിക്കൂറുകള്‍. വീട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ ദ്രുതകര്‍മസേനയെത്തി ആന അതിര്‍ത്തി കടന്ന് വനത്തിലേക്ക് മാറിയെന്ന് ഉറപ്പാക്കി. 

 

കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിൽ രാവിലെയാണ് ഒറ്റയാനിറങ്ങിയത്. രണ്ട് മണിക്കൂറിലേറെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. മലയങ്ങാട് കടയുടെ സമീപം ഇറങ്ങിയ ആന റോഡ് മാർഗം കൃഷിയിടത്തിലേക്ക് എത്തുകയായിരുന്നു. കണ്ണവം വനമേഖലയിൽ നിന്നാണ് ആനയെത്തിയതെന്നാണ് നിഗമനം. മാസങ്ങളായി പ്രദേശത്തു കാട്ടാന ശല്യം രൂക്ഷമാണെന്ന് കർഷകർ പറഞ്ഞു.