'രാവിലെ അവനെ അമ്മ വിളിച്ചിരുന്നു; മരണം അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; വിഷ്ണുവിന്റെ അച്ഛന്‍

vishnu-trippunithura-father
SHARE

തൃപ്പൂണിത്തുറയെ ഞെട്ടിച്ചായിരുന്നു പുതിയകാവ് ചൂരക്കാട്ടെ സ്ഫോടനം. പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ ആവേശത്തില്‍ നില്‍ക്കെ നാടിനെ കണ്ണീരിലാഴ്ത്തി നടന്ന അപകടത്തില്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവിന് ജീവന്‍ നഷ്ടമായി. മകന്റെ മരണവിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് വിഷ്ണുവിന്റെ പിതാവ് ശ്രീകുമാര്‍ മനോരമാ ന്യൂസിനോട് പറഞ്ഞു.

'വാര്‍ത്തയില്‍ കണ്ട് ഒരു പയ്യന്‍ വന്നാണ് വിവരം പറഞ്ഞത്. രാവിലെ അവന്റെ അമ്മ അവനെ വിളിച്ചിരുന്നു. ഒരു ഒന്‍പതരയൊക്കെ ആയപ്പോള്‍ ആണ് വിളിച്ചത്.  വൈക്കത്ത് നില്‍ക്കുന്നു എന്നാണ് പറഞ്ഞത്. പിന്നെ വിവരം ഒന്നും അറിഞ്ഞിരുന്നില്ല. ഇന്നലെ സന്ധ്യക്കാണ് എറണാകുളത്തേക്ക് പോയത്', വിഷ്ണുവിന്റെ പിതാവ് പറയുന്നു. 

അമ്മയെ വിവരം അറിയിച്ചിട്ടില്ല. ചെറിയൊരു അപകടം പറ്റിയെന്നേ പറഞ്ഞിട്ടുള്ളു. ട്രാവലര്‍ ഓടിക്കുന്ന ജോലിയാണ് മകന്. നാലഞ്ച് കൊല്ലമായി പല വണ്ടികളും ഓടിക്കുന്നു. ഒരുകൊല്ലമായി ട്രാവലര്‍ ഓടിക്കാന്‍ തുടങ്ങിയിട്ട് എന്നും ശ്രീകുമാര്‍ പറഞ്ഞു. 

ഉല്‍സവത്തിന് വെടിക്കോപ്പുകള്‍ ശേഖരിക്കുന്നതിനായി ജനവാസേകന്ദ്രത്തിലെ വീടാണ് ഗോഡൗണാക്കി മാറ്റിയത്. അവിടേക്ക് എത്തിച്ച വെടിക്കോപ്പുകള്‍ ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറി. ഈ വീടും സ്ഫോടകവസ്തുക്കളെത്തിച്ച വാഹനവും പൂര്‍ണമായും തകര്‍ന്നു. 

കനത്തചൂടില്‍ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. 12 പേര്‍ക്കാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്. അഞ്ച് പേര്‍ കളമശേരി മെഡിക്കല്‍ കോളജിലും 7 പേര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും ചികില്‍സയിലാണ്. 

MORE IN KERALA
SHOW MORE