pinarayi-vijayan

എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ സി.പി.എം കച്ചകെട്ടിയിറങ്ങിയിരിക്കുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ഹര്‍ജികള്‍ ഇന്ന് കോടതികള്‍ പരിഗണിക്കുന്നത്. കേസിന് പിന്നില്‍ രാഷ്ട്രീയമെന്ന് പ്രഖ്യാപിച്ചെങ്കിലും നിയമനടപടികളുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ കടുത്ത ആകാംക്ഷയുണ്ട്. ഇന്ന് നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് പ്രാധാന്യമേറുന്നു. 

 

മാസപ്പടി ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായിരുന്നു. അവഗണിച്ച് തള്ളാന്‍ ശ്രമിച്ചത് അന്വേഷണത്തിലേക്ക് കടന്നതോടെ സ്ഥിതിമാറി. അറസ്റ്റിന് വരെ അധികാരമുള്ള എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് എത്തിയതോടെ നാല് കാര്യങ്ങളാണ് സംഭവിച്ചത്. സി.പി.എം നേതാക്കള്‍ കൂട്ടത്തോടെ പ്രതിരോധിക്കാനിറങ്ങി, മടിച്ചുനിന്ന പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിച്ചു, മൗനത്തിലായിരുന്ന എക്സാലോജിക് കമ്പനി കര്‍ണാടകയിലെ കോടതിയെ സമീപിച്ചു, അന്വേഷണം തടയാന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയും കോടതിയിലെത്തി. ‌

 

എക്സാലോജികും കെ.എസ്.ഐ.ഡി.സിയും നല്‍കിയ ഹര്‍ജികളില്‍ അനുകൂല തീരുമാനമുണ്ടാകാതിരുന്നാലോ എതിരായി കോടതി പരാമര്‍ശം വന്നാലോ സി.പി.എമ്മിനും സര്‍ക്കാരിനും തിരിച്ചടിയാകും. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ പ്രതിപക്ഷത്തിനും ആയുധമാകും. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യം പ്രതിപക്ഷം കടുപ്പിക്കും. നിയമപരമായ മേല്‍നടപടികള്‍ സ്വീകരിക്കുകയേ സര്‍ക്കാരിനും പാര്‍ട്ടിക്കും മാര്‍ഗമുള്ളു. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ ഇത് സൃഷ്ടിക്കുന്ന രാഷ്ട്രീയപ്രത്യാഘാതത്തെക്കുറിച്ചും പാര്‍ട്ടിക്ക് ആശങ്കയുണ്ട്.