നാടിനെ കണ്ണീരിലാഴ്ത്തി മൂന്നുപേരുടെ മുങ്ങിമരണം; മകന്‍ മരിച്ചതറിയാതെ സനൂജ

kozhikode
SHARE

കോഴിക്കോട് ചാത്തമംഗലത്തെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മുങ്ങി മരണം. കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് കുളിക്കാനിറങ്ങിയപ്പോള്‍ പുഴയില്‍ മുങ്ങി മരിച്ചത്. എന്നാല്‍ മകന്‍ മരിച്ചതറിയാതെ അദ്വൈതിന്‍റെ അമ്മ സനൂജ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

വയനാട്ടില്‍ നിന്ന് സനൂജയുടെ വീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു മിനിയും ആതിരയും അവരുടെ മക്കളും. അനൂജയെയും അദ്വൈതിനെയും കൂട്ടിയാണ് പിലാശേരി പുളിക്കമണ്ണ് കടവില്‍ ഇന്നലെ വൈകിട്ട് കുളിക്കാനെത്തിയത്. ആദ്യം പുഴയിലിറങ്ങിയ മിനിയും പന്ത്രണ്ടുകാരന്‍ അദ്വൈതും വെള്ളത്തിനടിയിലേക്ക് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ എടുത്തുചാടിയതാണ് അദ്വൈതിന്‍റെ അമ്മ അനൂജയും ആതിരയും. കരയില്‍ നിന്ന ആതിരയുടെയും മിനിയുടെയും മക്കള്‍ കരഞ്ഞ് ബഹളം വെച്ചതോടെ സമീപത്തെ വീട്ടുകാരാണ് സംഭവം ശ്രദ്ധിച്ചത്. ഉടനെ ആളുകള്‍ ഓടിക്കൂടി നാല് പേരെയും പുറത്തെടുത്തെങ്കിലും മൂന്ന് പേരും മരണത്തിന് കീഴടങ്ങി.

കോഴിക്കോട് മെ‍ഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സനൂജ അപകടനില തരണം ചെയ്തു. എന്നാല്‍, മകന്‍ മരിച്ചത് അറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.

three drown to death at kozhikode Chathamangalam

MORE IN KERALA
SHOW MORE