jacobite

ഓര്‍ത്തഡോക്സ്–യാക്കോബായ സഭ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന്  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി  പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേരളത്തില്‍ നടന്നത് വേദനാജനകമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.  

 

ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കേരളത്തിലെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പള്ളിത്തര്‍ക്കമായിരുന്നു മുഖ്യ ചര്‍ച്ച വിഷയം. നിയമനിര്‍മാണത്തിലൂടെ ഇപ്പോഴത്തെ തര്‍ക്കത്തിന് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അക്കാര്യത്തില്‍ അനുകൂല പ്രതികരണം മുഖ്യമന്ത്രി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 

 

 

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വേദനാജനകമായ കാര്യങ്ങളാണ് നടന്നത്. അതുമൂലം വിശ്വാസികള്‍ക്കുണ്ടായ പ്രയാസം മനസ്സിലാക്കാനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ് കേരളത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ മതം മാത്രമല്ല മറ്റ് ഘടകങ്ങളും കാരണമാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ ഏത് സര്‍ക്കാരായാലും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.