ration

 

റേഷന്‍കടകള്‍ക്ക് മുന്‍പില്‍ പ്രധാനമന്ത്രിയുടെ ചിത്രവും സെല്‍ഫി പോയിന്‍റുകളും സ്ഥാപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ അല്‍പത്തരമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പൊതുവിതരണ സംവിധാനങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും മന്ത്രി  ആരോപിച്ചു.

 

സംസ്ഥാനത്തെ ഇരുപതിനായിരത്തോളം റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകള്‍ സ്ഥാപിക്കണം. ഇവയില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ മോദിയുടെ ചിത്രമുള്ള സെല്‍ഫി പോയിന്‍റുകള്‍ സ്ഥാപിക്കണം. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ സാധനങ്ങള്‍ കൊണ്ടുപോകാന്‍ പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്രസര‍്ക്കാര്‍ ചിഹ്നവും പതിച്ച സഞ്ചികള്‍ വിതരണം ചെയ്യണം. ഇവയാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സംസ്ഥാന ഭക്ഷ്യ സെക്രട്ടറിക്ക് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം കത്തിലെ നിര്‍ദേശങ്ങള്‍.  

 

മുന്‍ഗണന കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രം സൗജന്യമായി നല്‍കുന്ന റേഷന്‍ വിഹിതത്തെ കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്നും കത്തില്‍ പറയുന്നു. കേന്ദ്ര നടപടി അല്‍പ്പത്തരമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ കുറ്റപ്പെടുത്തി. അതേസമയം, കേന്ദ്ര നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് പറയാന്‍ ഭക്ഷ്യ മന്ത്രി തയ്യാറായായില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.