ajeesh-kattana

വനംവകുപ്പിന് ഗുരുതരവീഴ്ചയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ടിജി ജോണ്‍സണ്‍. ഇന്നലെ രാത്രിമുതല്‍ പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടായിരുന്നു. കുറുക്കന്‍മൂലയില്‍ ആനയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുവിവരവും കൈമാറിയില്ല. അനൗണ്‍സ്മെന്‍റ് നല്‍കണമെന്ന നിര്‍ദേശവും അവഗണിച്ചുവെന്ന് ടിജി ജോണ്‍സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഓപ്പണ്‍ ന്യൂസില്‍ കൂടെയാണ് വിവരം അറിഞ്ഞത്. അപ്പോള്‍ തന്നെ കഴിയാവുന്നതു പോലെ വിവരം ഗ്രൂപ്പുകളില്‍ പങ്കുവച്ചിരുന്നു. കൂടാതെ, വനംവകുപ്പില്‍ വിളിച്ച് കാര്യത്തിന്‍റെ ഗൗരവം അറിയിച്ചിരുന്നു. അപ്പോഴാണ് ആന ഒരു വ്യക്തിയെ ആക്രമിച്ചുവെന്ന വിവരം പറയുന്നത്. എന്നാല്‍ ആരെയാണ് ആക്രമിച്ചത് എന്നു പോലും പറഞ്ഞില്ല, മറ്റ് ആരോടെങ്കിലും വിളിച്ച് അന്വേഷിക്കണെമന്നു പറയുകയായിരുന്നുവെന്നും കൗണ്‍സിലര്‍ പറഞ്ഞു. 

സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വനംവകുപ്പിന്‍റെ ഭാഗത്തു നിന്ന് ഒരു മറുപടിയും കിട്ടിയില്ല.  വനംവകുപ്പിനെ വിളിച്ചു കാര്യം അന്വേഷിക്കുകയായിരുന്നു. വനംവകുപ്പായി ഒരു വിവരവും കൈമാറിയിട്ടില്ല. ഒരു ഉദ്യോഗസ്ഥന്‍ പോലും ആശുപത്രിയുടെ അടുക്കല്‍ വന്നില്ല. ഒരു കുടുംബത്തിന്‍റെ ഏകആശ്രയമായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത്. നാടിനും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട ഒരു ജീവനാണ് പൊലിഞ്ഞത് എന്നും കൗണ്‍സിലര്‍ ടിജി ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.