kollam-child-case-accused-police

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിർണായക തെളിവായി പ്രതികള്‍ കുട്ടിയെ കാണിച്ച കാര്‍ട്ടൂണും. കാർട്ടൂണിന്റെ യൂട്യൂബ് ലിങ്ക് വഴി പ്രതിയെ കണ്ടെത്താനുള്ള പൊലീസിന്‍റെ ശ്രമം വിജയിച്ചില്ലെങ്കിലും കേസില്‍ കാര്‍ട്ടൂണും നിര്‍ണായക തെളിവായേക്കും. 

 

kollam-case-accused-police

കുട്ടിയെ തിരികെ കിട്ടിയശേഷം കുട്ടിതന്നെയാണ് തട്ടിക്കൊണ്ട് പോയവർ രാത്രിയിൽ ലാപ്പ്ടോപ്പിൽ തനിക്ക് കാർട്ടൂൺ കാണിച്ച് തന്നെന്ന് പറഞ്ഞത്. ഈ കാർട്ടൂണിന്റെ യൂട്യൂബ് ലിങ്ക് വഴി പ്രതിയെ കണ്ടെത്താനുള്ള വേറിട്ട വഴിയായിരുന്നു പൊലീസ് തയ്യാറാക്കിയിരുന്നത്. പ്രതികളേക്കെത്താൻ മറ്റ് വഴികളൊന്നും തെളിയാതെ വന്നതോടെയാണ് കാർട്ടൂൺ പിടിവള്ളിയാക്കാൻ പൊലീസ് തീരുമാനിച്ചത്. കാർട്ടൂണിന്റെ യൂട്യൂബ് ലിങ്ക് തിരിച്ചറിഞ്ഞ് അത് കണ്ട ലാപ് ടോപിന്റെ ഐ.പി അഡ്രസ് കണ്ടെത്തി പ്രതികളിലേക്കെത്താനായിരുന്നു ശ്രമം.

 

kollam-case-police

ടോം ആന്റ് ജെറിയാണ് തനിക്ക് കാണിച്ചുതന്നതെന്നാണ് കുട്ടി പറഞ്ഞത്. രാത്രി കണ്ട വിഡിയൊ ഏതെന്നും കുട്ടി പൊലീസിന് കാണിച്ചു നല്‍കി. ഇതോടെ പൊലീസ് ഗൂഗിളുമായി ബന്ധപ്പെടുകയായിരുന്നു. ഗൂഗിളിന് ഇമെയിൽ അയച്ച ശേഷം ഡി.ഐ.ജി. ആര്‍ നിശാന്തിനി കാലിഫോർണിയയിലെ ഗൂഗിൾ ഓഫീസിൽ നേരിട്ട് വിളിച്ചും വിവരം തേടിയിരുന്നു. എന്നാൽ കുറച്ച് ദിവസം കാത്തിരിക്കണമെന്നായിരുന്നു മറുപടി.

 

ഇതോടെ ആ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും പൊലീസ് ആസ്ഥാനത്തെ സൈബർ ഓപ്പറേഷൻ വിഭാഗം മറ്റൊരു വഴി കണ്ടെത്തുകയായിരുന്നു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്റെ നിയന്ത്രണത്തിലുള്ള ഇന്റർനെറ്റ് ഗേറ്റ്  വേയിൽ നിന്ന് വിവരം തേടുകയായിരുന്നു അത്. വിവരം ലഭിച്ചെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോയ രാത്രി ഇന്ത്യയിൽ ആ വീഡിയോ കണ്ടെത് 28000 പേരെന്നായിരുന്നു വിവരം. ഇതിൽ നിന്ന് രാത്രി 7 നും 10 നും ഇടയിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് കാര്‍ടൂണ്‍ കണ്ടവരുടെ ഐ. പി അഡ്രസുകളുടെ പട്ടികയും തയാറാക്കി. 130 കാഴ്ചക്കാരായിരുന്നു ചുരുക്കപ്പടികയിലുണ്ടായിരുന്നത്. 

 

വ്യാഴാഴ്ച രാത്രിയാണ് ഈ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ അതിന് മുൻപ് നീലക്കാറിന്റെ നമ്പർ വഴി പൊലീസ് പത്മകുമാറിലെക്കെത്തിയിരുന്നു. പ്രതി പിടിയിലായ ശേഷം പരിശോധിക്കുമ്പോൾ 130 പേരുടെ ഐപി അഡ്രസുകളുടെ പട്ടികയിൽ പത്മകുമാറിന്റെ ലാപ് ടോപ്പുമുണ്ടായിരുന്നു. കാർ വഴി പ്രതിയെ കിട്ടിയില്ലായിരുന്നെങ്കിൽ 130 ഐ.പി അഡ്രസ് നോക്കി പ്രതികളിലേക്കെത്താൻ സാധിക്കുമായിരുന്നു എന്നായിരുന്നു പൊലീസിന്‍റെ പ്രതീക്ഷ. പ്രതിയെ പിടിക്കാൻ സഹായിച്ചില്ലെങ്കിലും കേരളത്തെ ഞെട്ടിച്ച കേസിൽ നിർണായക തെളിവായി ‘ടോം ആന്റ് ജറി’ കാർട്ടൂൺ മാറി. ഗൂഗിളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അതും തെളിവായി ഉള്‍പ്പെടുത്തിയേക്കും. 

 

Kollam girl child kidnap case; Police's plan to find the accused through the Tom and Jerry cartoon seen by the child.