വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സുരക്ഷയൊരുക്കാനായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ജോലിചെയേണ്ടത് തുടർച്ചയായി 50 മണിക്കൂർ. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഡ്യൂട്ടി അവസാനിക്കുക ഇന്ന് കണ്ണൂരില്‍ നടക്കുന്ന പരിപാടി കഴിഞ്ഞ് രാഹുല്‍ ഗാന്ധി വിമാനം കയറിയതിനുശേഷം മാത്രം. ഉന്നത ഉദ്യോഗസ്ഥന്‍റെ അസാധാരണ ഉത്തരവില്‍ പൊലീസില്‍ തന്നെ പ്രതിഷേധമുയരുകയാണ്.
മൂന്ന് ദിവസത്തെ പരിപാടികള്‍ക്കായി കേരളത്തില്‍ എത്തിയ രാഹുല്‍ ബുധനാഴ്ച രാത്രിയാണ് വയനാട് ജില്ലയിലെത്തിയത്. വി.വി.ഐ.പിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വയനാട് ജില്ലയിലെ 40 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കപ്പെട്ടത്. ജില്ലാ അതിര്‍ത്തിയായ നാടുകാണിയില്‍ ബുധനാഴ്ച ഉച്ചമുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ അന്ന് മുതല്‍ ഓട്ടത്തിലാണ്.
സാധാരണഗതിയില്‍ ഒരു ജില്ലയുടെ അതിർത്തിക്കുള്ളിലാണ് ജില്ലാ പൊലീസിനു വി.വി.ഐ.പി. സുരക്ഷാ ചുമതലയുണ്ടാവുക. മറ്റൊരു ജില്ലയിലേക്ക് പൊകുമ്പോള്‍ ആ ജില്ലയിലെ പൊലീസാണ് സുരക്ഷയൊരുക്കേണ്ടത്. ഇത് പ്രകാരം വ്യാഴാഴ്ച വയനാട് ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി കണ്ണൂരിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിക്ക് അതിർത്തിയായ ചന്ദനത്തോട് വരെയാണ് വയനാട് പൊലീസ് സംഘം സുരക്ഷയൊരുക്കേണ്ടത്. എന്നാല്‍ ഇതേ സംഘത്തോട് കണ്ണൂരിലും ഡ്യൂട്ടി തുടരാൻ ഡി.ഐ.ജി. ആവശ്യപ്പെടുകയായിരുന്നു. ആവശ്യത്തിന് വിശ്രമം പൊലുമില്ലാതെ ഏറെ ശ്രദ്ധവേണ്ട ജോലി ചെയ്യേണ്ട സ്ഥിതിയിലാണ് പൊലീസുകാര്‍.
അതിനിടെ രാഹുൽഗാന്ധിയുടെ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച സംഭവിച്ചത് ആശങ്ക സൃഷ്ടിച്ചു. കലക്ടറേറ്റിലെ പരിപാടിക്കു ശേഷം വാഹനവ്യൂഹം മാനന്തവാടിയിലേക്ക് പുറപ്പെട്ടപ്പോള്‍ രാഹുല്‍ സഞ്ചരിച്ച വണ്ടി മുന്നറിയിപ്പില്ലാതെ റസ്റ്റ് ഹൗസില്‍ കയറി. മുന്നിലുണ്ടായിരുന്ന രണ്ട് പൈലറ്റ് വാഹനങ്ങൾ നൂറ് മീറ്ററോളം മുന്നോട്ട് പോയിട്ടാണ് തിരികെ റസ്റ്റ് ഹൗസില്‍ എത്തിയത്.