sketch

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് കസ്റ്റഡിയിലായ കെ.ആർ.പത്മകുമാറിന് പൊലീസ് വരച്ച  രേഖാചിത്രവുമായി അസാധാരണ സാദൃശ്യം. തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ മൊഴിപ്രകാരമാണ് പൊലീസ് പ്രതികളായ ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും രേഖാചിത്രം വരച്ചത്. ഈ ചിത്രം മുന്നിൽ നിർത്തിയാണ് പൊലീസിന്റെ പിന്നീടുള്ള അന്വേഷണം മുന്നോട്ടുപോയത്. ഒടുവിൽ പ്രിതകളിൽ മൂന്നുപേർ പിടിയിലാകുമ്പോഴും അത്രയേറെ കൃത്യതയോടെ പ്രതിയുടെ രൂപം അന്വേഷണസംഘവുമായി പങ്കുവെച്ച ആറുവയസുകാരിയുടെ മിടുക്കാണ് അഭിനന്ദിക്കപ്പെടുന്നത്.

സാധാരണ പല കേസുകളിലും പ്രതികളുടെ രേഖാചിത്രം വരച്ച ശേഷം യഥാർഥ പ്രതികളെ പിടിച്ചുകഴിയുമ്പോൾ ഇവ രണ്ടും തമ്മിൽ യാതൊരു സാമ്യവുമില്ലാത്തത് പരിഹാസത്തിന് ഇടയാക്കാറുണ്ട്. എന്നാൽ ആദ്യം മുതൽ പത്തുവയസ്സിൽ താഴെയുളള രണ്ട് കുട്ടികളുടെ അസാധാരണമായ മൊഴികളും നിരീക്ഷണവും തന്നെയാണ് തട്ടിക്കൊണ്ടുപോകൽ കേസിൽ പൊലീസിന് നിർണായകമായ വഴിതുറന്നുനൽകിയത്. കേസിന്റെ തുടക്കത്തിൽ ആറുവയസുകാരിയെ  തട്ടിക്കൊണ്ടുപോയവരെക്കുറിച്ചും വാഹനത്തെക്കുറിച്ചും അതിലുണ്ടായിരുന്ന ആളുകളെക്കുറിച്ചും എട്ടുവയസുകാരൻ  പങ്കുവച്ച വിവരങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എട്ടുവയസുകാരനായ ആ സഹോദരന്റെ മൊഴികളായിരുന്നു കുട്ടിയുടെ തിരോധാനത്തിൽ വിലമതിക്കാനാകാത്ത സാക്ഷിമൊഴികളായത്. പിന്നീട് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചുപോയ  പ്രതികളെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പിയ അന്വേഷണസംഘത്തിന് വീണ്ടും വഴികാണിച്ചതും ആറുവയസുകാരിയുടെ നിരീക്ഷണത്തിലെ കൃത്യത തന്നെയാകുമ്പോഴാണ് മിടുക്കരായ രണ്ടു കുട്ടികളുടെയും നിരീക്ഷണപാടവം വീണ്ടും അത്ഭുതപ്പെടുത്തുന്നത്.

അത്രയേറെ മോശം സാഹചര്യത്തിൽ സ്വന്തം മാതാപിതാക്കളെ വിട്ടുനിന്ന രാത്രിയും കുട്ടി തന്നെ തട്ടിക്കൊണ്ടുപോയവരുടെ രൂപം ഓർമയിൽ സൂക്ഷിച്ചു എന്നത് അഭിനന്ദനാർഹമാണ്.  ഇനി കുട്ടി പറഞ്ഞതനുസരിച്ചുള്ള രണ്ട് രേഖാചിത്രങ്ങ​ൾ കൂടി പൊലീസിന്റെ കൈവശമുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളികളായ രണ്ട് സ്ത്രീകളുടേതാണ് അവ. ഇനി ഇവരിലേക്കാണ് കേസ് നീളുന്നത്. പൊലീസ് സംഘം വീട്ടിലെത്തി പിടിയിലായവരുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചു.  ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്ത് കെ.ആർ.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പ്രതികളുടെ മൊഴി. പ്രതികളെ അടൂര്‍  പൊലീസ് ക്യാംപിലെത്തിച്ചു.

Incredible resemblance to sketch!The guide is the child's statement