ആലുവയില്‍ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. കൊടികുത്തുമല സ്വദേശി ഷെഫീക്കാണ് കളമശേരിയിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ ഷെഫീക്ക്.ആലുവ എസ്പി ഒാഫിസിന് സമീപം രാത്രിയായിരുന്നു അക്രമം.
ആലുവ–പെരുമ്പാവൂർ റൂട്ടിൽ അസീസിപ്പടിയിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം. കാർ തടഞ്ഞു നിർത്തി ദമ്പതികളെ ആക്രമിച്ച് 64,500 രൂപയും കാറും തട്ടിയെടുക്കുകയായിരുന്നു. പട്ടേരിപ്പുറം പുത്തനങ്ങാടി പി.വി. ജോക്കി (61), ഭാര്യ ഷിനി (53) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. തലയിലും ദേഹത്തും ഇരുമ്പു വള കൊണ്ടുള്ള ഇടിയേറ്റ ജോക്കി ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പിന്നീടു ടയർ പഞ്ചറായ നിലയിൽ പൈപ്പ് ലൈൻ റോഡിൽ നിന്നു പൊലീസ് കണ്ടെടുത്തു. പഴ്സും 4,500 രൂപയും എടിഎം കാർഡും കുന്നത്തേരിയിൽ റോഡരികിൽ നിന്നു ലഭിച്ചു.
ലേബർ കോൺട്രാക്റായ ജോക്കിയും ഭാര്യയും എടത്തലയിലെ ഗോഡൗണിൽ നിന്നു കാറിൽ വീട്ടിലേക്കു മടങ്ങുമ്പോൾ പ്രതി ബൈക്ക് വട്ടംവച്ചു കാർ തടഞ്ഞ് 20,000 രൂപ ആവശ്യപ്പെട്ടതായി ജോക്കി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ഇവർ തമ്മിൽ മുൻപരിചയം ഇല്ല. എന്തിനാണ് പണം നൽകുന്നതെന്നു ചോദിച്ചപ്പോൾ ദമ്പതികളെ കാറിൽ നിന്നു വലിച്ചു താഴെയിട്ട ശേഷം കയ്യിലെ ഇരുമ്പു വള ഊരി ഇടിക്കുകയായിരുന്നു. പിന്നീടു പ്രതി കാറുമായി കടന്നു. ഓടിക്കൂടിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വിവിധ കേസുകളിൽ പൊലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണു ഷെഫീക്. കുഞ്ചാട്ടുകരയിൽ വച്ചു തന്റെ ബൈക്കിൽ തട്ടിയിട്ടു നിർത്താതെ പോയതുകൊണ്ടാണ് ബൈക്ക് വട്ടംവച്ചു കാർ തടഞ്ഞു നഷ്ടപരിഹാരം ചോദിച്ചതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണു പരുക്കേറ്റ ജോക്കിയുടെ വിശദീകരണം. പ്രതി ഷെഫീക്കിനെ ഇന്നു കോടതിയിൽ ഹാജരാക്കും.