ഗുരുവായൂരിൽ വ്യാപാരിയായ സ്ത്രീയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവർന്നു. മാല തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ രത്നവല്ലിയെ മോഷ്ടാവ് തള്ളിയിട്ടു. തലയ്ക്കു പരുക്കേറ്റ അറുപത്തിനാലുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുവായൂര്‍ പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്സ് ഉടമ പേരകം സ്വദേശി കണിച്ചിയിൽ രവീന്ദ്രന്റെ ഭാര്യ രത്നവല്ലിയാണ് ആക്രമിക്കപ്പെട്ടത്. ഇന്നു പുലര്‍ച്ചെ 3.50ന് കട തുറക്കാന്‍ നടന്നു പോകുകയായിരുന്നു. നഗരസഭ മിനി മാര്‍ക്കറ്റിന് മുന്നില്‍ എത്തിയപ്പോള്‍ മോഷാടാവ് ആക്രമിച്ചു. നിലവിളിച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചു. കുതറിയോടാന്‍ ശ്രമിക്കുന്നതിനിടെ തുണി മുഖത്തേയ്ക്കിട്ട ശേഷം തള്ളി വീഴ്ത്തി. ഇതിനിടെ, മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. റോഡില്‍ വീണ മോഷ്ടാവിന്റെ കാലില്‍ പിടുത്തം കിട്ടിയെങ്കിലും കുതറിയോടി. വീഴ്ചയില്‍ രത്നവല്ലിയുടെ തലയ്ക്കു പരുക്കേറ്റു. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് കേസെടുത്തു. സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
Guruvayur theft case