Central-Stadium

കേരളീയം കഴിഞ്ഞ് ആഴ്ചകളായിട്ടും മുഖ്യവേദിയായിരുന്ന സെന്‍ട്രല്‍ സ്റ്റേഡിയം ഉഴുത് മറിച്ച നിലയില്‍. കേരളീയം കഴിഞ്ഞ് നാല് ദിവസത്തിനകം  സ്റ്റേഡിയം പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന സര്‍ക്കാരിന്‍റെ വാക്ക് പാഴ്‌വാക്കായി. കായിക താരങ്ങള്‍ക്കൊപ്പം പൊലീസ്–സൈനിക ജോലികള്‍ക്കായി തയ്യാറെടുക്കുന്നവരും വന്‍തുക വാടക നല്‍കി മറ്റ് ഗ്രൗണ്ടുകളിലേക്ക് പരിശീലനം മാറ്റേണ്ട ഗതികേടിലാണ്.

ഇതൊരു ഗ്രൗണ്ടാണോ . അതോ കാളപ്പൂട്ട് നടത്തുന്ന കണ്ടമോ....? ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാം. ഇതാണ്, തിരുവനന്തപുരത്തെ സാധാരണ ജനങ്ങള്‍ കായിക പരിശീലനത്തിനും പൊലീസ്, സൈനിക ജോലികള്‍ക്കായുള്ള ശാരീരിക തയ്യാറെടുപ്പുകള്‍ക്കുമൊക്കെ ആശ്രയിക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്‍റെ അവസ്ഥ. കേരളീയം ആഘോഷത്തിന്‍റെ മുഖ്യ വേദി പണിയുന്നതിന് കഴിഞ്ഞ മാസ 25നാണ് സ്റ്റേഡിയം അടച്ചത്. ഈമാസം പതിനൊന്ന് വരെയായിരുന്നു പരിശീലനത്തിന് വിലക്ക്. അതുകഴിഞ്ഞ് ദിവസം ഇരുപതാകുന്നു. കേരളീയം വേദിക്കായി കുത്തിപ്പൊളിച്ച അതേ നിലയില്‍ തന്നെയാണ് ഗ്രൗണ്ട്.

വര്‍ഷം 500 രൂപയാണ് ഇവിടെ പരിശീലനം നടത്താന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഇടാക്കുന്നത്. ഇത്രയും കുറഞ്ഞ തുകയ്ക്ക് മറ്റൊരിടത്തും പരിശീലനം നടത്താനാകില്ല.

ഗ്രൗണ്ടിന്‍റെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന് തുടങ്ങിയതോടെ നന്നാക്കാനുള്ള പണി തുടങ്ങിയിട്ടുണ്ട്. പക്ഷെ പൂര്‍ത്തിയാക്കാന്‍ എത്രദിവസമെടുക്കുമെന്ന് കണ്ടുതന്നെ അറിയണം.