കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ്. കൊല്ലം തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും പ്രതികള്‍ സഞ്ചരിച്ച വാഹനം പോലും കാണാമറയത്താണ്. കുഞ്ഞില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം. കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
രണ്ടുരാത്രിയും പകലും പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് ഒരുതുമ്പു പോലും ലഭിക്കാതെ പൊലീസ് വട്ടംകറങ്ങുകയാണ്. കൊല്ലം ജില്ലക്കാരായ പ്രതികള്‍ കല്ലുവാതുക്കല്‍, വര്‍ക്കല കേന്ദ്രീകരിച്ചാണ് തങ്ങിയതെന്നാണ് സൂചന. കുഞ്ഞ് നല്കിയ വിവരം പ്രകാരം ഒരു ഒറ്റനില വലിയ വീട്ടിലായിരുന്നു കുഞ്ഞിനെ താമസിപ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയപ്പോള്‍ സഞ്ചരിച്ച കാര്‍, പിന്നീട് പ്രതികള്‍ പാരിപ്പളളിയില്‍ എത്തിയ ഒാട്ടോറിക്ഷ ഇതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീടുമായി അടുപ്പമുണ്ടായിരുന്നവര്‍ ആസൂത്രണം ചെയ്തതാണോ തട്ടിക്കൊണ്ടുപോകലെന്നും പൊലീസ് അന്വേഷിക്കുന്നു.
തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷിക്കുന്ന കേസില്‍ സ്ത്രീയുടെ രേഖാചിത്രം പൊലീസ് തയാറാക്കി.
നെടുമ്പന പഞ്ചായത്തിലെ നല്ലില പനയ്ക്കല്‍ ജംക്്ഷന് സമീപം താമസിക്കുന്ന ചിത്രയുടെ വീടിന് മുന്നിലാണ് തിങ്കള്‍ രാവിലെ എട്ടരയ്ക്ക് സ്കൂട്ടറില്‍ സ്ത്രീയും പുരുഷനും എത്തിയത്. ഇതേ സ്ത്രീ തന്നെയാണോ ഒായൂരിലും ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നു.
ഓയൂര്‍ കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച കുണ്ടറ കുഴിയം സ്വദേശി ഷാജഹാന് താന്‍ പ്രതിയല്ലെന്ന് പറഞ്ഞ് രംഗത്തുവന്നു. കഞ്ചാവ്, മോഷണം തുടങ്ങിയ കേസുകളില്‍ നേരത്തെ പ്രതിയായിരുന്നു ഷാജഹാന്.ഓയൂരിലെ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.