kanam

രോഗബാധിതനായി ചികിത്സയിലുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തല്‍ക്കാലം പകരക്കാരനില്ല. കാനത്തിന്‍റെ അവധി കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. ഇതേസമയം അനധികൃത സ്വത്ത് സമ്പാദനത്തിന് സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. എന്നാല്‍ സംസ്ഥാന കമ്മിറ്റി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍വാഹകസമിതിക്ക് അധികാരമില്ലെന്ന്  എ.പി. 

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ഇന്ന് പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതി യോഗം ചേര്‍ന്നത്. കാനത്തിന്‍റെ അവധിക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. കാനം ദേശീയ സെക്രട്ടേറിയറ്റ് അംഗമായതിനാല്‍ അദ്ദേഹത്തിന്‍റെ അവധി സംബന്ധിച്ച ചര്‍ച്ചയും തീരുമാനവും അവിടെയാണ് ഉണ്ടാവേണ്ടത്. ദേശീയ സെക്രട്ടേറിയറ്റ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. തുടര്‍ന്ന് അടുത്തമാസം 27ന് വീണ്ടും സംസ്ഥാന നിര്‍വാഹകസമിതി ചേരും. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ കൂടി പങ്കെടുക്കുന്ന ഈ യോഗത്തില്‍ തീരുമാനം അറിയാനാകും. കാനത്തിന്‍റെ അസാന്നിധ്യത്തില്‍ അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള നേതൃത്വം കൂട്ടായി ചുമതലകള്‍ നിര്‍വഹിക്കും. രണ്ടുമാസം കഴിയുമ്പോള്‍ കാനം വീണ്ടും സജീവമാകുമെന്ന പ്രതീക്ഷ നേതാക്കള്‍ പങ്കുവച്ചു. ഇതേസമയം പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നെല്ലാം നീക്കി. ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ നിര്‍വാഹകസമിതി, പത്തനംതിട്ട ജില്ലയുടെ ചുമതലക്കാരനായ മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുകയും ചെയ്തു. ജില്ലാ പ‍ഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയായിരുന്നു എ.പി.ജയന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്ന ആരോപണം പാര്‍ട്ടിയില്‍ ഉന്നയിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍വാഹക സമിതി നടപടിയെടുത്തത്.

Kanam rajendran to continue as cpi state secretary