തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിലെ യാത്രക്കാരിയെ രാത്രിയില്‍ പറഞ്ഞസ്ഥലത്തു ഇറക്കിയില്ലെന്ന് പരാതി. പറഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ നിര്‍ത്തതരാമെന്ന് യാത്ര തുടങ്ങും മുമ്പ് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് വാക്കുമാറ്റിയെന്ന് പരാതിയില്‍ പറയുന്നു.
തൃശൂര്‍ വാണിയംപാറ പാറോത്തിങ്കല്‍ രജനിയാണ് പരാതിക്കാരി. കോഴിക്കോട്ടെ എല്‍.ഐ.സി. ഏജന്റുമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തൃശൂരില്‍ വന്നശേഷം പാലക്കാട് ഭാഗത്തേയ്ക്കുള്ള വണ്ടിയില്‍ കയറി. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് രാത്രി 10.15നാണ് യാത്ര തുടങ്ങിയത്. വാണിയമ്പാറയില്‍ നിര്‍ത്തി തരുമോയെന്ന് ഡ്രൈവറോട് ചോദിച്ചിരുന്നു. ഇതു സമ്മതിക്കുകയും ചെയ്താണ് യാത്ര തുടങ്ങിയത്. പക്ഷേ, വണ്ടി വാണിയമ്പാറയില്‍ എത്തിയപ്പോള്‍ ഫെയര്‍ സ്റ്റേജില്ലാത്തതിനാല്‍ നിര്‍ത്താന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. പാലക്കാട് വടക്കഞ്ചേരിയാണ് ഫെയര്‍സ്റ്റേജെന്നും അവിടെ വരെയുള്ള നിരക്കും ഈടാക്കി. വാണിയമ്പാറയില്‍ വണ്ടി നിര്‍ത്താന്‍ മറ്റു യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയാറായില്ലെന്ന് രജനി പറയുന്നു. വണ്ടി നിര്‍ത്തിയതാകട്ടെ മേലെചുങ്കത്തെ വിജനമായ ഇടത്തും. ഭയന്നുപോയ വീട്ടമ്മ നില്‍ക്കുന്ന സ്ഥലം ഭർത്താവിനെ അറിയിച്ചു. ഭര്‍ത്താവ് എത്തിയാണ് കൂട്ടിക്കൊണ്ടുപോയത്.
കെ.എസ്.ആര്‍.ടി.സി. എം.ഡിയ്ക്കു രജനി പരാതി നല്‍കിയിട്ടുണ്ട്. പട്ടിക്കാട് മേല്‍പാലത്തിലൂടെ ബസ് പോകുന്നതിനാല്‍ പലര്‍ക്കും രാത്രിയില്‍ യാത്രാദുരിതമാണ്. വാണിയംപാറയിൽ ഇറക്കാത്തത് ചോദ്യംചെയ്ത യുവാവിനെ മര്‍ദ്ദിച്ചതിന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരെ കേസുണ്ട്.
Complaint that the passenger was not dropped at the specified place at night