Governor-legalexpense

TAGS

ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ചെലവ് 62 ലക്ഷം രൂപ. നിയമോപദേശം തേടാനായി മാത്രം ചെലവാക്കിയ തുകയാണിത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ.വേണുഗോപാലിന്റെ ഫീസ് വിശദാംശങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഓഫിസിന്റെ മറുപടി.

ഭരണപ്രതിസന്ധിയുണ്ടാക്കിയ സര്‍ക്കാര്‍– ഗവര്‍ണര്‍ പോരില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ നിയമോപദേശം നല്‍കിയ ഫാലി എസ്.നരിമാന് മുപ്പത് ലക്ഷമായിരുന്നു ഫീസ്. ഇദ്ദേഹത്തിന്റെ ജൂനിയര്‍മാരായ സുഭാഷ് ശര്‍മയ്ക്ക് 9.90 ലക്ഷവും ലസഫീര്‍ അഹമ്മദിന് നാലുലക്ഷവും ഫീസിനത്തില്‍ നല്‍കി. ക്ലര്‍ക്കായ വിനോദ് കെ.ആനന്ദിന് മൂന്നുലക്ഷവും നല്‍കി. വാക്കാല്‍ ഉപദേശം നല്‍കിയതിന് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാലിന് 15 ലക്ഷം രൂപയും നല്‍കി. കേസില്‍ സുപ്രിംകോടതിയില്‍ ഹാജരായതിന്റെ ബില്ല് ഇതുവരെ കെ.കെ.വേണുഗോപാലില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടിയിലുണ്ട്.

സര്‍ക്കാരിന്റെ വന്‍ശമ്പളംപറ്റുന്ന അഭിഭാഷകരുള്ളപ്പോഴാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിയമോപദേശത്തിനും കേസ് നടത്തിപ്പിനുമായി വന്‍തുക ചെലവഴിക്കുന്നത്.