അപകടത്തിൽപ്പെട്ട യുവാവിനെ പൊക്കിയെടുത്ത് നാട്ടുകാർ; ഡോർ തുറക്കാതെ ജീപ്പ് ഓടിച്ചുവിട്ട് പൊലിസ്

policewb
SHARE

പിക്കപ്പുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് റോഡിൽ കിടന്ന യുവാക്കളെ ആശുപത്രിയിൽ പോലുമെത്തിക്കാൻ തയ്യാറാകാതെ പൊലിസ്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമന്യൂസിനു ലഭിച്ചു. 

കാഞ്ചിയാർ സ്വദേശി ജൂബിൻ, നത്തുകാൽ സ്വദേശി അഖിൽ എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി കട്ടപ്പന പള്ളിക്കവല ജംങ്ഷനിൽവെച്ചാണ് അപകടമുണ്ടായത്. സമീപത്തെ കടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ടൗണിലേക്ക് വരികയായിരുന്നു യുവാക്കൾ. ഈ സമയം ദിശ മാറിയെത്തിയ പിക്കപ്പ് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂട്ടിയ നാട്ടുകാർ യുവാക്കളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു പൊലിസ് ജീപ്പ് ആ വഴി വരുന്നത്. ജീപ്പ് കണ്ട് അപകടത്തിൽപ്പെട്ട ഒരു യുവാവിനെയും എടുത്ത് ജീപ്പിനടുത്തേക്ക് വന്നെങ്കിലും ഡോർ തുറക്കാനോ വണ്ടിയിൽ കയറ്റാനോ പൊലിസ് തയ്യാറായില്ല. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട ശേഷം പൊലിസ് ഉദ്യോഗസ്ഥർ പോവുകയായിരുന്നു. 

അപകടം സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനം നടത്തണമെന്ന് ആളുകളെ ബോധവൽക്കരിക്കുന്ന പൊലിസാണ് ഈ പ്രവൃത്തി ചെയ്തതെന്നതാണ്  സത്യം. ഗുരുതരമായി പരുക്കേറ്റ യുവാക്കളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടസമയം എത്തി മടങ്ങിയതെന്നാണ് സൂചന. പ്രതിയെ പീരുമേട് സബ് ജയിലിൽ ആക്കിയ ശേഷം മടങ്ങിവരികയായിരുന്നു പൊലിസെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

Kattappana pallikkavala accident cctv visuals; Protest against police

MORE IN KERALA
SHOW MORE