
ഇന്തോനീഷ്യന്‍ മൈ സ്റ്റാമ്പിൽ ഇടംനേടിയ മലയാളിയായി കൊച്ചിക്കാരൻ. തോപ്പുംപടി സ്വദേശി ജോസഫ് ഡിക്കൊത്തോയുടെ ഫോട്ടോ ആണ് ഇന്തോനീഷ്യന്‍ തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പിൽ അച്ചടിച്ച് വന്നത്. ഫോട്ടോ സ്റ്റാമ്പ് ഒട്ടിച്ച കത്ത് തപാൽ മാർഗ്ഗം നാട്ടിലെത്തി.
പതിനൊന്നാം വയസ്സിൽ തുടങ്ങിയതാണ് ജോസഫിന് സ്റ്റാമ്പുകളോടും നാണയങ്ങളോടും കറൻസികളോടും ഉള്ള പ്രണയം. ആ ഹോബി കൊണ്ടുത്തന്ന പുതിയ സന്തോഷമാണ് 45 ആം വയസ്സിൽ എത്തി നിൽക്കുന്ന ജോസഫിന്റെ മുഖത്തുള്ളത്. ഇൻഡോനേഷ്യയുടെ മൈ സ്റ്റാമ്പിൽ സ്വന്തം ഫോട്ടോ പതിപ്പിച്ച ഇന്ത്യക്കാർ ആരുമില്ലെന്നാണ് ജോസഫ് പറയുന്നത്. അങ്ങനെയെങ്കിൽ, ആ റെക്കോർഡ് ജോസഫിന്റെ പേരിലാകും. കഴിഞ്ഞദിവസം ഫോട്ടോ പതിപ്പിച്ച സ്റ്റാമ്പ് ഒട്ടിച്ച കത്ത് തപാൽ മാർഗ്ഗം വീട്ടിലെത്തി.
ആയിരക്കണക്കിന് നാണയങ്ങളും സ്റ്റാമ്പുകളും കറൻസികളും ഉണ്ട് ജോസഫിന്റെ ശേഖരത്തിൽ. പലതും വിലമതിക്കാനാവാത്തവ. വിദേശരാജ്യങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകളും കറൻസികളും ശേഖരിക്കാനാണ് കൂടുതൽ പ്രിയം. ഓരോ സ്റ്റാമ്പിന് പിന്നിലെ കഥകളും മനപ്പാഠമാണ്. 2022 ഇൽ രണ്ട് രൂപയുടെ കറൻസികൾക്കും നാണയങ്ങൾക്കും പ്രാധാന്യം നൽകിയുള്ള പ്രദർശനം സംഘടിപ്പിച്ചിരുന്നു. മറ്റു രാജ്യങ്ങളിലെ പ്രദർശനങ്ങളിലും ജോസഫ് പങ്കെടുക്കാറുണ്ട്.
The first Malayali appeared in indonesian my stamp