കേന്ദ്രാനുമതിയില്ല; ലോക കേരള സഭയുടെ സൗദി മേഖലാ സമ്മേളനം മാറ്റിവെക്കും

ലോകകേരള സഭയുടെ സൗദി അറേബ്യയിലെ മേഖലാ സമ്മേളനം മാറ്റിവെക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ അനുവാദംനല്‍കിയിട്ടില്ല. ഈ മാസം 19 നാണ് മൂന്നുദിവസം നീളുന്ന സമ്മേളനം ആരംഭിക്കേണ്ടിയിരുന്നത്. 

ഒക്ടോബര്‍ 14 മുതല്‍ 22 വരെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശ സന്ദര്‍ശന അനുമതി തേടിക്കൊണ്ടുള്ള കത്ത് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 19 മുതല്‍ 21 വരെ സൗദി അറേബ്യയിലെ റിയാദ് , ജിദ്ദ, ദമാം എന്നീ നഗരങ്ങളിലാണ് ലോകകേരള സഭയുടെ റീജണല്‍ സമ്മേളനങ്ങള്‍ നടക്കേണ്ടത്. കേന്ദ്ര അനുമതി ലഭിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമല്ല. അതിനാല്‍ സമ്മേളനം മാറ്റിവെക്കാനാണ് സര്‍ക്കാരും നോര്‍ക്കയും തീരുമാനിച്ചിരിക്കുന്നത്. സൗദിയിലെ സംഘാടക സമിതിയുമായിക്കൂടി ആലോചിച്ച് തീരുമാനമെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബര്‍  17 ന് യാത്രതിരിച്ച് 22 ന് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്.  ലോകകേരള സഭയുടെ വിദേശ മേഖലാസമ്മേളനങ്ങള്‍ക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി രണ്ട് ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. എം.എ.യൂസഫലി, രവി പിള്ള, എം.അനിരുദ്ധന്‍ എന്നിവരും നോര്‍ക്കയിലെയും പ്രവാസികാര്യവകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അംഗങ്ങളാണ്. ഈ സമിതികളുമായും ആലോചിച്ചാവും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അതേസമയം കേരള സര്‍ക്കാരിന്‍റെ അപേക്ഷയും അതിന്‍മേല്‍ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ റിപ്പോര്‍ട്ടും ഉള്‍പ്പെടുന്ന ഫയല്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍റെ മുന്നിലെത്തിയിട്ടില്ല. ഇന്ത്യന്‍സ്ഥാനപതികാര്യാലയത്തിന്‍റെ റിപ്പോര്‍ട്ട് കൂടിപരിഗണിച്ചേ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കൂ. അമേരിക്കയില്‍ സംഘടിപ്പിച്ച ലോകകേരള സഭയും അതിനായുള്ള പണപ്പിരിവും വന്‍വിവാദമായിരുന്നു. 

no central approval for loka kerala sabha

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script