ലോക കേരള സഭ സൗദി സമ്മേളനം; തീരുമാനം കേന്ദ്ര അനുമതി ലഭിച്ച ശേഷം

ലോകകേരള സഭയുടെ സൗദി അറേബ്യ സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നത് കേന്ദ്ര അനുമതി ലഭിച്ചശേഷം മതിയെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. റിയാദ് ഉള്‍പ്പെടെ മൂന്നുനഗരങ്ങളില്‍ മൂന്നു ദിവസമായാണ് സമ്മേളനം ക്രമീകരിക്കാന്‍ ആലോചിക്കുന്നത്. അടുത്തമാസം 14 മുതല്‍ 22 വരെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിദേശ സന്ദര്‍ശന അനുമതി തേടിക്കൊണ്ടുള്ള കത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 

മേയ് മാസത്തില്‍ അബുദാബിയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിക്കും സംഘത്തിനും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഒക്ടോബറില്‍ സൗദി അറേബ്യയില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തു നല്‍കിയത്. സൗദി അറേബ്യയിലെ റിയാദ് , ജിദ്ദ, ദമാം എന്നീ നഗരങ്ങളില്‍ ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ ലോകകേരള സഭയുടെ മേഖലാ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബര്‍  17 ന് യാത്രതിരിച്ച് 22 ന് മടങ്ങാനാണ് ആലോചിക്കുന്നത്. കേന്ദ്ര അനുമതി കിട്ടിയ ശേഷമേ സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ തീരുമാനിക്കൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ജൂണില്‍ അമേരിക്കയില്‍ സംഘടിപ്പിച്ച ലോകകേരള സഭ വന്‍ വിവാദമായിരുന്നു. ന്യൂയോര്‍ക്കിലെ ടൈംസ്ക്വയറില്‍  മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങ് പ്രവാസികളുടെ സ്പോണ്‍സര്‍ഷിപ്പിലാണ് നടത്തിയത്. വന്‍തുകകള്‍ പിരിച്ചതും അത് ഓഡിറ്റിന് വിധേയമാകാത്ത രീതിയിലുള്ള ക്രമീകരണവും  ശരിയാണോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. ലോകകേരള സഭയുടെ വിദേശ മേഖലാസമ്മേളനങ്ങള്‍ക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി രണ്ട് ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. എം.എ.യൂസഫലി, രവി പിള്ള, എം.അനിരുദ്ധന്‍ എന്നിവരും നോര്‍ക്കയിലെയും പ്രവാസികാര്യ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും അംഗങ്ങളാണ്. 2022 ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന യൂറോപ്യന്‍ മേഖലാ സമ്മേളനത്തെ കുറിച്ചുയര്‍ന്ന വിവാദങ്ങളില്‍ പ്രധാനം അതിന് ചെലവഴിച്ച തുകയും, മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയതുമാണ്. നവകേരള നിര്‍മിതിക്ക് പ്രവാസികളുടെ സഹകരണം ഉറപ്പിക്കുകയാണ് ലോകകേരള സഭകൊണ്ട്  ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ 2018 ല്‍ ആരംഭിച്ച ലോകകേരള സഭകൊണ്ട് സംസ്ഥാനത്തിനോ സാധാരണക്കാരായ പ്രവാസികള്‍ക്കോ പറയത്തക്ക എന്തു നേട്ടം ഉണ്ടായി എന്ന് സര്‍ക്കാര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല.

Loka Kerala Sabha conference in Saudi Arabia; Decision after receiving central approval

Enter AMP Embedded Script