സൈനികന്‍ വ്യാജന്‍; പക്ഷേ വസ്തുത ഇല്ലാതാകുന്നില്ല; ന്യായീകരിച്ച് അനില്‍

കൊല്ലത്ത് സൈനികന്റെ മുതുകില്‍ 'പിഎഫ്ഐ' എന്ന് ചാപ്പകുത്തിയെന്ന സംഭവം വ്യാജമെന്ന് തെളിഞ്ഞിട്ടും കേരളത്തിനെതിരായ പരാമര്‍ശത്തെ ന്യായീകരിച്ച് അനില്‍ ആന്‍റണി. സൈനികനും അയാളുടെ സുഹൃത്തും വ്യാജന്‍മാരാണെന്ന് തെളിഞ്ഞുവെന്നും എന്നാല്‍ തീവ്ര ഇസ്​ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത അത് ഇല്ലാതെയാക്കുന്നില്ലെന്നുമാണ് സമൂഹ മാധ്യമത്തിലൂടെ അനിലിന്റെ പ്രതികരണം. സൈനികന്‍ വ്യാജനാണെന്ന വാര്‍ത്ത മുന്‍നിര്‍ത്തി രാജ്യ സുരക്ഷയെ അപകടത്തിലാക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നുവെന്നും അനില്‍ ആരോപിച്ചു. അനില്‍ ആന്‍റണിയുടെ എക്സിലെ കുറിപ്പ് ഇങ്ങനെ...

'തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം - രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു.

കോൺഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' സഖ്യവും അവരുമായി ബന്ധമുള്ള മാധ്യമങ്ങളും ഫാക്ട് ചെക്ക് സുഹൃത്തുക്കളുമെല്ലാം ഒരു വലിയ സാമൂഹിക വിരുദ്ധ ദേശീയ നെറ്റ്‌വർക്കിനെയും അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഈ സംഭവം ഉപയോഗിച്ച് വെള്ളപൂശാൻ ശ്രമുക്കുകയാണ്.അവയെല്ലാം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടകരമാണ്'.

സൈനികനെ ആള്‍ക്കൂട്ടം കൈ കെട്ടിയിട്ട് മര്‍ദിച്ചെന്നും പുറത്ത് പിഎഫ്ഐ എന്ന് സ്പ്രേ പെയിന്റ് കൊണ്ട് എഴുതിയെന്നും ഇത് നടുക്കുന്ന വാര്‍ത്തയാണെന്നുമായിരുന്നു അനില്‍ ആന്‍റണി എഎന്‍ഐയോട് പറഞ്ഞത്. ഈ സംഭവത്തില്‍ സിപിഎമ്മിലെയോ കോണ്‍ഗ്രസിലെയോ നേതാക്കള്‍ പ്രതികരിക്കാത്തത് സങ്കടകരമാണെന്നും അവര്‍ ചില പ്രത്യേക ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്നുമായിരുന്നു അനിലിന്റെ ആരോപണം. എന്നാല്‍ പ്രശസ്തനാകുന്നതിനായി സൈനികന്‍ നടത്തിയ നാടകമാണെന്ന്  തെളിഞ്ഞതിനെ തുടര്‍ന്ന്  കൊല്ലം ചാണക്കാട് സ്വദേശിയായ സൈനികനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Anil Antony defends his statement in soldier pfi row

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script