മന്ത്രിസ്ഥാനം വേണമെന്ന് എല്‍ജെഡി; അവഗണിക്കുന്നുവെന്ന് വാദം

ljd
SHARE

നാളെ ഇടതുമുന്നണി യോഗം ചേരാനിരിക്കെ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് എല്‍.ജെ.ഡി. ഇത്തവണ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്തുനല്‍കി. ഇതേസമയം എന്‍.സി.പി മന്ത്രിമാറില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.  

മുന്‍ധാരണപ്രകാരമുള്ള അഴിച്ചുപണി മാത്രമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വ്യക്തമാക്കിയെങ്കിലും മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ നിന്ന് എല്‍.ജെ.ഡി പിന്നോട്ടില്ല. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇന്ന് എല്‍.ജെ.ഡി നേതൃത്വം ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് കത്തുനല്‍കി. മുന്നണിയിലെ പതിനൊന്നില്‍ പത്തുകക്ഷികള്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചു എന്നാണ് എല്‍.ജെ.ഡി കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതില്‍ ഒറ്റയംഗം മാത്രമുള്ള കക്ഷികളുമുണ്ട്. എന്നിട്ടും എല്‍.ജെ.ഡിക്ക് മാത്രം മന്ത്രിസ്ഥാനം നിഷേധിച്ചത് ശരിയല്ലെന്നാണ് വാദം. ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് മുന്‍ധാരണപ്രകാരം അടുത്തമാസം മന്ത്രിമാരാകുന്നത്. എല്‍.ജെ.ഡിയുടെ കാര്യം ധാരണയിലില്ലെന്ന് മുന്നണി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാരുടെ എണ്ണം കൂട്ടാനാവില്ലെന്നുമാണ് നിലപാട്. നാളെ വൈകിട്ട് മൂന്നിന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ എല്‍.ജെ.ഡി മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാല്‍ പ്രതിസന്ധിയാകും. ഇതേ സമയം മന്ത്രിസ്ഥാനം വേണമെന്ന തോമസ് കെ.തോമസിന്‍റെ ആവശ്യം അംഗീകരിക്കില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നും വ്യക്തമാക്കി. 

രണ്ടരവര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനത്തുമാറ്റമുണ്ടാകുമെന്ന ധാരണ എന്‍.സി.പിയില്‍ ഇല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശശീന്ദ്രന്‍. സംസ്ഥാനനേതൃത്വത്തിന്‍റെ പിന്തുണയും ശശീന്ദ്രനുതന്നെ.

MORE IN KERALA
SHOW MORE