
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ എം.എല്‍.എ. എ.സി.മൊയ്തീനെ അറസ്റ്റുചെയ്യാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നിയമതടസ്സങ്ങളില്ല. നിയമസഭാ മന്ദിരത്തിലോ എം.എല്‍.എ ഹോസ്റ്റലിലോ വച്ച് എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെങ്കില്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. പുറത്താണ് അറസ്റ്റെങ്കില്‍ സ്പീക്കറെ ഇ.ഡി. രേഖാമൂലം അറിയിക്കണമെന്നുമാണ് കീഴ്വഴക്കം.
നിയമസഭയിലെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ എ.സി.മൊയ്തീന് എം.എല്‍എ എന്ന പ്രത്യേക പരിരക്ഷയുണ്ട്. സഭാ മന്ദിരത്തിനുള്ളിലേക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് വെറുതെയങ്ങ് കയറാനാവില്ല. സഭയുടെ കെട്ടിടത്തില്‍ നിന്നോ അതിന്‍റെ സമുച്ചത്തില്‍ നിന്നോ ചുറ്റുമുള്ള റോഡിന്‍റെ ഇരുപത് മീറ്റര്‍ ചുറ്റളവില്‍ നിന്നോ എം.എല്‍എയെ അറസ്റ്റ് ചെയ്യണമെങ്കില്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുവാദം വേണം. എം.എല്‍.എ ഹോസ്റ്റലിനും ഇതേ നിയന്ത്രണം ബാധകമാണ്. സഭ ചേരുമ്പോഴും അല്ലാത്തപ്പോഴും ഈ പരിരക്ഷ എം.എല്‍എമാര്‍ക്കു ലഭിക്കും. സഭചേരാത്തപ്പോള്‍ നിയമസഭാ കമ്മറ്റികളുടെ യോഗങ്ങള്‍, പ്രത്യേക മീറ്റിങ്ങുകള്‍, പരിശീലന പരിപാടികള്‍, സഭയുമായി ബന്ധപ്പെട്ട പൊതുപരിപാടികള്‍ എന്നിവയാണ് സാധാരണ ഉണ്ടാകാറുള്ളത്.
എം.എല്‍എ ഹോസ്റ്റലില്‍ താമസിക്കുന്നതിന് പ്രത്യേക സമയപരിധിയൊന്നുമില്ല. സഭയ്ക്കുപുറത്തുവെച്ച് ഒരു എം.എല്‍എയെ അറസ്റ്റുചെയ്താല്‍ അക്കാര്യം സ്പീക്കറെ രേഖാമൂലം അറിയിക്കണം. ഇതിനായി പ്രത്യേകമായൊരു ഫോര്‍മാറ്റ് ലഭ്യമാണ്. അറസ്റ്റ് രേഖപ്പെടുത്തുന്ന ഉദ്യഗസ്ഥന്‍ ഈ ഫോം പൂരിപ്പിച്ച് വിശദാംശങ്ങളുള്‍പ്പെടുത്തി സ്പീക്കറെ വിവരം ധരിപ്പിക്കണം. കരുവന്നൂര്‍ തട്ടിപ്പകേസില്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടു എന്നുകാണിച്ച് ഇഡി എസി മൊയ്തീനെ അറസ്റ്റുചെയ്യുമോ എന്ന ചോദ്യം ഉയരുന്നതിനിടെയും മികച്ച സാമാജികനും പൊതുപ്രവര്‍ത്തകനുമായ ഒരു വ്യക്തിക്കുനേരെ ഇഡി ഉന്നയിക്കുന്ന കുറ്റങ്ങള്‍ പൂര്‍ണമായും ശരിയാണോ എന്ന് സംശയിക്കുന്നവര്‍ ഭരണപക്ഷത്തുമാത്രമല്ല പ്രതിപക്ഷത്തുമുണ്ട്.