പത്തനംതിട്ട മൈലപ്രയില്‍ DySP യുടെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ കുരുക്കിലായി പൊലീസ്.  ഇന്നലെ രാത്രി ക‌ടയിലേക്ക് ഇടിച്ചുകയറിയ പൊലീസ് വാഹനം  അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍. ജീപ്പിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാര്‍ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. എന്നാല്‍ ബൈക്കിന് സൈഡ് കൊടുത്തപ്പോള്‍ വാഹനം ഇടിച്ചുകയറുകയായിരുന്നെന്നാണ് പൊലീസിന്‍റെ വിശദീകരണം.

 

ഇന്നലെ രാത്രി 11 മണിയോടെയാണ് നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് മൈലപ്ര ജങ്ഷനുസമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡിവൈഎസ്പി അനില്‍കുമാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും അപകടമുണ്ടായിട്ടും വൈദ്യപരിശോധന നടത്തിയില്ലെന്നും ദൃക്സാക്ഷികള്‍ ആരോപിച്ചു.‌ ഡിവൈഎസ്പി മദ്യപിച്ചിരുന്നില്ലെന്നും വൈദ്യപരിശോധനയുടെ ആവശ്യം ഇല്ലായിരുന്നെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. നിസ്സാരപരുക്കേറ്റ ഡിവൈഎസ്പി രാത്രി തന്നെ കൊട്ടാരക്കരയിലേക്ക് പോയിരുന്നു.