കേന്ദ്രത്തിന്‍റെ 'ടോട്ടെക്സ്' വേണ്ട; സ്മാര്‍ട് മീറ്ററുകള്‍ സ്വന്തം നിലയ്ക്ക് സ്ഥാപിക്കാന്‍ കേരളം

smart
SHARE

വൈദ്യുതി സ്മാര്‍ട് മീറ്ററുകള്‍ സ്വന്തം നിലയക്ക് സ്ഥാപിക്കാന്‍ കേരളം. സി–ഡാക്കിന്റെ സാങ്കേതിക സഹായത്തോടെ സ്മാര്‍ട് മീറ്ററുകള്‍ നിര്‍മിക്കാനാണ് പദ്ധതി. സി–ഡാക് വികസിപ്പിച്ച  25 സ്മാര്‍ട്ട് മീറ്ററുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്ഇബി വാങ്ങി സ്ഥാപിക്കും.

കേന്ദ്ര സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ച ടോട്ടെല്‍ എക്സ്പെന്‍ഡിച്ചര്‍ അഥവാ ടോട്ടെക്സ് രീതിയില്‍ സ്മാര്‍ട് മീറ്റര്‍ പദ്ധതി വേണ്ടെന്ന് തീരുമാനിച്ചതിനു പിന്നാലെയാണ് പദ്ധതി സ്വന്തം നിലയ്ക്ക് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി–ഡാക്കുമായി സ്മാര്‍ട്ട് പവര്‍ ക്വാളിറ്റി ഇന്‍ ഡിസ്ട്രിബ്യൂഷന്‍ ഗ്രിഡ് എന്ന പേരില്‍ ഒരു പദ്ധതിക്ക് കെഎസ്ഇബി ധാരണാപത്രം ഒപ്പുവച്ചിരുന്നു.ഇതിലെ ആറ് പൈലറ്റ് പ്രോജക്ടുകളിലൊന്ന് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കലാണ്.കേന്ദ്ര സര്‍ക്കാര്‍  കൊണ്ടുവന്ന വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സി–ഡാക്കുമായുള്ള ധാരണാപത്രവുമായി കെഎസ്ഇബി മുന്നോട്ട് പോയില്ല.പുതിയ സാഹചര്യങ്ങള്‍ ഉണ്ടായതോടെയാണ് പദ്ധതി വീണ്ടും സജീവമാക്കാന്‍ തീരുമാനമെടുത്തത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇക്കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചു. സിഡാക്ക് വികസിപ്പിച്ച 25 സ്മാര്‍ട്ട് മീറ്ററുകള്‍ കെഎസ്ഇബി വാങ്ങി സ്ഥാപിക്കും ധാരണ. ഹെഡ് എന്‍ഡ് സിസ്റ്റം സിഡാക്ക് സ്ഥാപിക്കും. ഫലപ്രാപ്തി കണക്കിലെടുത്തേ വാണിജ്യ അടിസ്ഥാനത്തിലുള്ള വിന്യാസത്തിലേക്ക് കടക്കൂ. നേരത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കുന്ന ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനെതിരെ വൈദ്യുതി ബോര്‍ഡിലെ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

MORE IN KERALA
SHOW MORE