
കരുവന്നൂര്‍ കേസിന്‍റെ ചുവടുപിടിച്ച് സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടുകളിലേക്കും ദുരൂഹ ഇടപാടുകാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഇഡി. കരുവന്നൂര്‍ തട്ടിപ്പിലെ മുഖ്യപ്രതി പി.സതീഷ്കുമാര്‍ നടത്തിയത് അഞ്ഞൂറ് കോടി രൂപയുടെ കള്ളപ്പണയിടപാടെന്ന് ഇഡി കണ്ടെത്തി. സതീഷ് കുമാര്‍ ഇടനിലക്കാരന്‍ മാത്രമെന്ന് ഉറപ്പിക്കുന്ന ഇഡി തട്ടിപ്പിലെ ഉന്നതരെയാണ് ഉന്നംവയ്ക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ചും സഹകരണ വകുപ്പും അന്വേഷണം എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് ഇഡിയുടെ തുടക്കം. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിച്ച് നിര്‍ത്തിയവരെ ഒന്നൊന്നായി പൂട്ടി തട്ടിപ്പിന്‍റെ ഉള്ളറകളിലേക്കേ് അന്വേഷണം നീളുകയാണ്. കരുവന്നൂരിലെ കിങ്പിന്‍ പി. സതീഷ് കുമാറെന്ന് ഉറപ്പിക്കുന്നു ഇഡി. കരുവന്നൂര്‍ വഴി മറ്റ് സഹകരണ ബാങ്കുകളിലേക്കും വേരിറങ്ങിയ കള്ളപ്പണ ഇടപാടുകളിലേക്കാണ് സതീഷ് കുമാറിലൂടെ അന്വേഷണം നീളുന്നത്. സതീഷ് കുമാറിന്‍റെ ഏജന്റുമാര്‍ തട്ടിപ്പിന് ഒത്താശ ചെയ്ത ആധാരമെഴുത്തുകാര്‍ പണവും സ്വാധീനവും നല്‍കി സഹായിച്ച രാഷ്ട്രീയ നേതാക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരേയും വരും ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്യും. സതീഷ് കുമാറിനെ നിയന്ത്രിക്കുന്ന വമ്പന്‍സ്രാവുകളെ കുറിച്ചുള്ള വിവരങ്ങളും ഇഡി ശേഖരിച്ചു. സംസ്ഥാനത്തിന് പുറത്തും വേരുകളുള്ള ഈ സംഘത്തിലേക്കും അന്വേഷണം നീളും.
അറസ്റ്റിലായ സതീഷ്കുമാറിനും പി.പി. കിരണും കൂടാതെ കരുവന്നൂരില്‍ നിന്ന് കോടികള്‍ തട്ടിയ കൂടുതല്‍ പേരുടെ പട്ടികയും ഇഡിക്ക് ലഭിച്ചു. തൃശൂര്‍ സ്വദേശി അനില്‍കുമാര്‍ പതിനെട്ടര കോടി രൂപ തട്ടിയെടുത്തതായി കണ്ടെത്തി. എട്ട് വര്‍ഷമായി ചില്ലികാശ് തിരിച്ചടച്ചിട്ടില്ല. ഇയാള്‍ക്ക് നോട്ടിസ് അയക്കാന്‍ ശ്രമിച്ചെങ്കിലും വ്യാജ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. ഇയാള്‍ ഒളിവിലാണെന്ന നിഗമനത്തിലായിരുന്നു ഇഡി. എന്നാല്‍ ഇന്ന് നടന്ന റെയ്ഡില്‍ അനില്‍കുമാര്‍ സതീഷ് കുമാറിന്‍റെ പങ്കാളിയാണെന്ന് ഇഡി കണ്ടെത്തി. ഇയാളുടെ വീട്ടിലും പരിശോധന നടത്തി. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളും തെളിവുകളും ഇഡി സമാഹരിച്ചിട്ടുണ്ട്. അയ്യന്തോള്‍ സഹകരണ ബാങ്ക്, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിച്ചതും ജില്ലയിലെ സിപിഎം നേതാക്കളെ കൂടി ഉന്നംവെച്ചാണ്.
Karuvannur bank scam; ED found 500 crores illegal transaction