പൈപ്പിടാന്‍ കുഴിച്ച റോഡ് ശരിയാക്കിയില്ല; മന്ത്രിയുടെ വാക്കിന് വില കൊടുക്കാതെ കരാറുകാര്‍

മന്ത്രി റോഷി അഗസ്റ്റിന്‍റെ വാക്കുകള്‍ക്ക് ഒരു വിലയും കൊടുക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും. നഗരത്തില്‍ കുടിവെള്ള പൈപ്പിടാന്‍ വെട്ടിക്കുഴിച്ച റോഡ് ശരിയാക്കാന്‍ കരാറുകാരന് മന്ത്രി നല്‍കിയ പത്ത് ദിവസം ഇന്നലെ അവസാനിച്ചു. മന്ത്രി വീണാജോര്‍ജും, ജില്ലാകലക്ടര്‍ ദിവ്യ എസ് അയ്യരും അടക്കം പങ്കെടുത്ത ഉന്നതതലയോഗത്തിലായിരുന്നു നിര്‍ദേശം. പത്തു ദിവസം കഴിഞ്ഞപ്പോള്‍ പത്തനംതിട്ട നഗരത്തിലെ റോഡുകള്‍ എങ്ങനെയായി എന്ന് കാണേണ്ടതാണ്.

സെന്‍റ് പീറ്റേഴ്സ് ജംക്ഷന്‍ മുതല്‍ കുമ്പഴ വരെ. സെന്‍ട്രല്‍ ജംക്ഷന്‍ മുതല്‍ സ്റ്റേഡിയം ജംക്ഷന്‍ വരെ. ഇങ്ങനെ വെട്ടിക്കുഴിക്കാത്ത റോഡുകളില്ല പത്തനംതിട്ടയില്‍. കലക്ടറേറ്റ്, പത്തനംതിട്ട ജില്ലാ ആശുപത്രി തുടങ്ങി നഗരത്തിലെ ഏറ്റവും പ്രധാന റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ട് ഒരുവര്‍ഷത്തിലധികമായി .നിരന്തരം അപകടങ്ങളും ഗതാഗതക്കുരുക്കും. കരുനാഗപ്പള്ളി ലോട്ടസ് എന്‍ജിനീയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് കേരള കമ്പനിയാണ് കരാറുകാര്‍. നാലു വട്ടം അവധി നീട്ടിനല്‍കി. ഒടുവിലാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പത്ത് ദിവസത്തിനകം തീര്‍ക്കാന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റില്‍ അന്ത്യശാസനം നല്‍കിയത്. ശാസനം അവിടെത്തീര്‍ന്നു. നാട്ടുകാര്‍ക്ക് ദുരിതം ബാക്കി.

പലയിടത്തും ഇളക്കിയിട്ട പൂട്ടുകട്ടകള്‍ അപകടകരമാം വിധം അവിടെ കിടക്കുന്നു. മണ്ണിട്ടു മൂടിയ ഭാഗങ്ങള്‍ മഴപെയ്താല്‍ ചെളിക്കുഴിയാകും. ഒരുഭാഗം തകര്‍ന്നു കിടക്കുന്നതിനാല്‍ വഴിയുടെ പകുതിഭാഗമേ ഉപയോഗിക്കാനും കഴിയുന്നുള്ളു. കരാറുകാരനെതിരെ പത്തനംതിട്ട മുനിസിപ്പാലിറ്റി നിയമനടപടി തുടങ്ങിയിട്ടുണ്ട്.

The contractors did not give respect for the minister's word

Enter AMP Embedded Script