vypin-bus

വൈപ്പിനില്‍ നിന്നുള്ള സ്വകാര്യബസുകളുടെ കൊച്ചി നഗരപ്രവേശനം അനശ്ചിതത്വത്തിലാക്കി സര്‍ക്കാരിന്റെ പ്രാഥമിക വിജ്ഞാപനം. വൈപ്പിന്‍ റൂട്ട് ദേശസാല്‍ക്കരിച്ച് കെ.എസ്.ആര്‍.ടി.സിക്ക് കൈമാറാനാണ് നീക്കം. ഇതോടെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് നിരത്തൊഴിയേണ്ടിവരും. 

സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ്  സര്‍വത്ര ആശയക്കുഴപ്പം. സ്വകാര്യബസുകളുടെ നഗരപ്രേവേശനകാര്യത്തില്‍ ഉടന്‍തീരുമാനമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വിജ്ഞാപനമിറങ്ങിയത്. സ്വകാര്യബസുകളുടെ നഗരപ്രവേശമല്ല വിജ്ഞാപനത്തിലെ വിഷയം.  വൈപ്പിന്‍ റൂട്ടില്‍ പൊതുഗതാഗത വാഹനങ്ങളുടെ കുറവുള്ളതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതിനായി റൂട്ട് കാലക്രമത്തില്‍ ദേശസാല്‍ക്കരിക്കും .ദേശസാല്‍ക്കരണം നടപ്പാകുന്നതോടെ സ്വകാര്യബസുകള്‍ക്ക് നിരത്തൊഴിയേണ്ടിവരും. 

വൈപ്പിന്‍കാര്‍ നേരിടുന്ന പ്രതിസന്ധിക്ക്  വിജ്ഞാപനം പ്രാബല്യത്തിലായാല്‍ ആക്കംകൂടും.. നിലവിലെ ബസുകളുടെ പെര്‍മിറ്റ് പുതുക്കുന്നതിനും വിജ്ഞാപനം വിലങ്ങുതടിയാണ് .റൂട്ട് ദേശസാല്‍കരണ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം. വിജ്ഞാപനത്തിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനാണ് വൈപ്പിന്‍കരക്കാരുടെ നീക്കം.