വിട്ടുവീഴ്ചക്കില്ലെന്ന് ഇരുപക്ഷങ്ങളും‍; ആലപ്പുഴ എൻസിപിയില്‍ ചേരിപ്പോര് അടങ്ങുന്നില്ല

NCP Alappuzha 1006
SHARE

ചേരിപ്പോര് അടങ്ങാതെ ആലപ്പുഴയിലെ എൻസിപി. വിട്ടു വീഴ്ചയ്ക്കില്ലെന്ന നിലപാടാണ് പിസി ചാക്കോ പക്ഷവും തോമസ് കെ തോമസ് വിഭാഗവും പ്രഖ്യാപിക്കുന്നത്. പിസി ചാക്കോ നിയമിച്ച ജില്ലാ പ്രസിഡന്റിന്റെ സ്ഥാനമേൽക്കൽ ചടങ്ങ് തോമസ് കെ തോമസ് എംഎൽഎയും അനുകൂലികളും ഒരു വിഭാഗം സംസ്ഥാന- ജില്ലാ ഭാരവാഹികളും ബഹിഷ്കരിച്ചു. ചാക്കോ അനുകൂലികൾ മാത്രമാണ് ചടങ്ങിനെത്തിയത്. സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ സാന്നിധ്യത്തിയായിരുന്നു ചടങ്ങ്. 

പാർലമെന്ററി പാർട്ടി ലീഡറും ദേശീയ പ്രവർത്തക സമിതി അംഗമായ തോമസ് കെ തോമസ്, ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ, മുൻ ജില്ലാ പ്രസിഡന്റും ഭാരവാഹികളും അടക്കമുള്ള ചാക്കോ വിരുദ്ധ പക്ഷം മഴുവൻ ചടങ്ങിൽ നിന്നു വിട്ടു നിന്നു. ദേശീയ നേതൃത്വം ഇടപെട്ടിട്ടും ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്. തോമസ് കെ തോമസ് പക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് പിസി ചാക്കോയും പറഞ്ഞു.

അതേസമയം ആലപ്പുഴയിലെ എൻസിപി തർക്കത്തിൽ ദേശീയ നേതൃത്വം  ചർച്ച നടത്തുകയാണെന്ന് ചാക്കോ വിരുദ്ധ പക്ഷം വ്യക്തമാക്കി. ജില്ലയിലെ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവരെ  അറിയിക്കാതെ സ്ഥാനാരോഹണം നടത്തിയതു കൊണ്ടാണ് വിട്ടുനിന്നതെന്നും അവർ പറയുന്നു വിഭാഗീയത അല്ല, ചിലരുടെ സ്ഥാപിത താല്പര്യങ്ങൾ മാത്രമാണുള്ളതെന്നും പാർട്ടിയിൽ രണ്ടു പക്ഷമുണ്ടെന്ന് വരുത്തുകയാണ് പിസി ചാക്കോ പക്ഷത്തിന്റെ ലക്ഷ്യമെന്ന് തോമസ് കെ തോമസ് പക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

Fighting in Alappuzha NCP continues

MORE IN KERALA
SHOW MORE