സെപ്റ്റിക് ടാങ്കിൽ പരിശോധന; അസ്ഥിക്കഷണങ്ങൾ ലഭിച്ചില്ല; ഷാമില എവിടെ ?

shamila-missing
SHARE

പാങ്ങോട് (തിരുവനന്തപുരം): 12 വർഷം മുൻപു കാണാതായ യുവതി കൊല്ലപ്പെട്ടുവെന്നും മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്തുവെന്നുമുള്ള ബന്ധുവിന്റെ പരാതിയിൽ  സെപ്റ്റിക് ടാങ്കിൽ പൊലീസ് പരിശോധന. യുവതിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സംശയത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നും യുവതിയെ കാണാനില്ലെന്നുള്ള പരാതിയിൻമേലുള്ള അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. 

പാങ്ങോട് പഴവിള നുസൈഫ മൻസിലിൽ ലത്തീഫയുടെ മകൾ എൽ.ഷാമിലയെ (42) കാണാനില്ലെന്ന മകൾ ഷാഹിനയുടെ പരാതിയിലാണു സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധന നടത്തിയത്. മലപ്പുറത്ത് ഹോം നഴ്സിങ് ജോലിക്കായി പോകുന്നുവെന്നു പറഞ്ഞു 2009 ഒക്ടോബർ 23നു പുറപ്പെട്ട ഷാമിലയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഷാഹിന ഒരു വർഷം മുൻപു പാങ്ങോട് പൊലീസിൽ പരാതി നൽകിയത്. ഇതിനു ശേഷം ബന്ധുക്കളുമായോ മക്കളുമായോ ഷാമില ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു. 

ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാമില, മൂന്നു മക്കളെയും വക്കത്തെ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം മലപ്പുറത്തേക്കു പോകുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നതെന്നു പൊലീസ് അറിയിച്ചു.മകളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാമിലയെ കാണാതായ സംഭവം കൊലപാതകമാണെന്നും, വീടിനു സമീപത്തെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം മറവു ചെയ്തതായും സംശയം പ്രകടിപ്പിച്ച് അടുത്ത ബന്ധു പൊലീസിനെ അറിയിച്ചത്.

ഒരു ബന്ധുവാണു യുവതിയെ അപായപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൃതദേഹം മറവു ചെയ്തതെന്നും ഇവർ സംശയം പ്രകടിപ്പിച്ചു. ഷാമിലയെ ബന്ധുക്കളിലൊരാൾ സ്ഥിരമായി ദോഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞിരുന്നു.ഭർത്താവ്, മക്കൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരിൽ നിന്നു മൊഴി രേഖപ്പെടുത്തി. സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്താൻ കലക്ടറുടെ അനുമതി നേടി.

തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ 11 നാണു പരിശോധന നടത്തിയത്. മണ്ണുമാന്തി ഉപയോഗിച്ചു 15 അടിയിലേറെ താഴ്ത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. തുടർന്നു പരിശോധന നിർത്തി. വഴിയോടു ചേർന്ന ഭാഗത്താണു  ടാങ്ക് നിർമിച്ചിരുന്നത്.പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ എൻ.സുനീഷ്, നെടുമങ്ങാട് എൽആർ തഹസിൽദാർ എസ്.ആറുമുഖം, ഫൊറൻസിക് വിദഗ്ധരായ ഡോ.എസ്.അജിത്കുമാർ, ഡോ. ആർ.ശ്രീജിത്, ഡോ.ടി.എസ്. കൃഷ്ണേന്ദു, ഡോ. എസ്.എസ്. സുനുകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

പരാമർശം വസ്തു തർക്കത്തിനിടെ

കുടുംബത്തിലെ വസ്തു തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളാണു യുവതിയെ കാണാതായ സംഭവം കൊലപാതകമെന്നു ബന്ധുക്കൾ സംശയിക്കാൻ കാരണമായതെന്നു പൊലീസ് വിലയിരുത്തൽ. കാണാതായ ഷാമിലയുടെ കുടുംബത്തിലെ ഭൂമിയുടെ അതിരു നിർണയവുമായി ബന്ധപ്പെട്ടു പാങ്ങോട് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.

തുടർന്ന്, ഇതിന്റെ പേരിൽ വാക്കുതർക്കവും നടന്നു. വാക്കുതർക്കത്തിനിടെ കാണാതായ ഷാമിലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്തുവെന്ന സംശയമുണ്ടാക്കുന്ന തരത്തിൽ പരാമർശവും ഉണ്ടായി. ഇതിനു ശേഷമാണു ഷാമിലയുടെ മകളുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ പരാതി നൽകിയത്.തുടർന്നു ഷാമിലയുടെ അടുത്ത ബന്ധുവും പൊലീസിനോട് ഇതേക്കുറിച്ചു പറഞ്ഞിരുന്നു.

പരാതിയിൻമേൽ വിശദ അന്വേഷണം നടത്തിയ പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. കാണാതായ ഷാമിലയുടെ വീട് നിലവിൽ സർക്കാർ കസ്റ്റഡിയിലാണെന്നു പൊലീസ് പറഞ്ഞു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസിനായി ഈ വീട് വാടകയ്ക്കു നൽകിയിരുന്നു. ഓഫിസ് പ്രവർത്തിച്ചിരുന്ന ഈ വീട് സർക്കാർ നടപടിയുടെ ഭാഗമായി സീൽ ചെയ്ത് പൂട്ടി സർക്കാർ കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു.

ഷാമില എവിടെ? തലപുകച്ച് പൊലീസ് 

12 വർഷം മുൻപ് കാണാതായ പാങ്ങോട് സ്വദേശിനി എൽ.ഷാമില എവിടെ? പാങ്ങോട് പൊലീസിനെ കുഴപ്പിക്കുന്ന ചോദ്യമിതാണ്. ഒന്നര വർഷമായി അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല.   സംസ്ഥാനത്തിനു പുറത്തേക്കും  അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ്. 

ഷാമിലയുടെ ഒരു ഫോട്ടോ മാത്രമാണ് പൊലീസിന്റെ പക്കലുള്ളത്. ഫോൺ നമ്പറും ലഭ്യമല്ല. അഞ്ചര അടി ഉയരവും കറുത്ത നിറവും എന്നാണ് പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടിസിൽ ഷാമിലയെക്കുറിച്ച് പരാമർശിച്ചിക്കുന്നത്. മലപ്പുറത്ത് ഹോം നഴ്സിങ് ജോലിക്കായി പോകുന്നുവെന്നു പറഞ്ഞ് 2009 ഒക്ടോബർ 23 നാണ് ഷാമില വീട്ടിൽ നിന്നു പുറപ്പെട്ടത്. 

12 വർഷം മുൻപു കാണാതായിട്ടും കഴിഞ്ഞ വർഷം ജനുവരി 28 നാണ് യുവതിയുടെ മകൾ ഇതെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകാൻ എന്തു കൊണ്ട് വൈകിയെന്നതിനെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മകളുടെ പരാതിയെ തുടർന്ന് മലപ്പുറം കേന്ദ്രീകരിച്ച് വിശദ അന്വേഷണം നടത്തിയിരുന്നതായി പാങ്ങോട് എസ്എച്ച്ഒ എൻ.സുനീഷ് പറഞ്ഞു.  ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാമില,  മൂന്ന് മക്കളെയും വക്കത്തെ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷമാണ് അപ്രത്യക്ഷമായത്. 

വിവരം അറിയിക്കണം

ഷാമിലയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു പൊലീസ്. വിവരങ്ങൾ കൈമാറേണ്ട  നമ്പർ: 9447280482.

MORE IN KERALA
SHOW MORE