‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, നിങ്ങൾക്കെന്താ?’; ക്രൂരതയിൽ ഞെട്ടിവിറച്ച് നാട്

nakshathra-murder
SHARE

മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ േകസിലെ പ്രതിയായ അച്ഛൻ ശ്രീമഹേഷ് മാവേലിക്കര സ്പെഷൽ ജയിലിൽ കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകട നില തരണം ചെയ്തിട്ടില്ലെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ വൈകിട്ട് 6.45 നാണ് ആത്മഹത്യാശ്രമം. തെളിവെടുപ്പിനു ശേഷം ജയിലിൽ എത്തിച്ച ശ്രീമഹേഷിനെ ജയിൽ അധികൃതർ വാറന്റ് റൂമിൽ എത്തിച്ചപ്പോഴാണു സംഭവം. റിമാൻഡ് രേഖകൾ ജയിൽ റജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനിടെ മേശമേലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കഴുത്തിലും കയ്യിലും സ്വയം മുറിവേൽപിക്കുകയായിരുന്നു. കഴുത്തിലെ മുറിവ് ആഴമുള്ളതാണ്.

ശ്രീമഹേഷിന്റെ (38) അറസ്റ്റ് ഇന്നലെ പകൽ രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ പ്രതിയുമായി, സംഭവം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പു നടത്തി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് കാത്തുനിന്ന നൂറുകണക്കിനു നാട്ടുകാർ രൂക്ഷമായി പ്രതിഷേധിച്ചു. സ്ത്രീകൾ ശ്രീമഹേഷിനെതിരെ ശാപവാക്കുകൾ പറഞ്ഞു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിച്ചപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം.ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്ത് മകളുടെ വീട്ടിൽ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയാണ് കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ് ആക്രമിച്ചു.

സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരുന്ന സുനന്ദയെ ഇന്നലെ തിരികെ വീട്ടിലെത്തിച്ചു.തന്റെ സുഖജീവിതത്തിനു മകൾ തടസ്സമാകുമെന്ന ചിന്തയിലാണു ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാവ് സുനന്ദയോടും ശ്രീമഹേഷിനു വിരോധമുണ്ടായിരുന്നെന്നു പ്രഥമ വിവര റിപ്പോർട്ടിലുണ്ട്.നക്ഷത്രയുടെ സംസ്‌കാരം ഇന്നു വൈകിട്ടു 3ന് , പരേതയായ അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടുവളപ്പിൽ നടത്തും. മുള്ളിക്കുളങ്ങര ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് നക്ഷത്ര.

പുനർവിവാഹം: യുവതിയെ ജോലി സ്ഥലത്തെത്തി ശല്യം ചെയ്തു

ഭാര്യ വിദ്യ ആത്മഹത്യ ചെയ്തതിനു ശേഷം വൈവാഹിക പംക്തി വഴി ശ്രീമഹേഷ് പുനർവിവാഹത്തിനു ശ്രമിച്ചിരുന്നു. വനിതാ സിവിൽ പൊലീസ് ഓഫിസറുടെ ആലോചന വന്നെങ്കിലും അന്വേഷണത്തിൽ ശ്രീമഹേഷിനെക്കുറിച്ചു മോശമായ വിവരങ്ങൾ അറിഞ്ഞതോടെ ആ വീട്ടുകാർ വിവാഹത്തിൽ നിന്നു പിന്മാറി. ഇതിന്റെ വിരോധത്തിൽ ശ്രീമഹേഷ് യുവതിയുടെ ജോലി സ്ഥലത്തെത്തി അവരെ ശല്യപ്പെടുത്തി. ഇതു സംബന്ധിച്ച് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു,നിങ്ങൾക്കെന്താ?’

മകളെ കൊലപ്പെടുത്തിയതു  ശ്രീമഹേഷ് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു പ്രാഥമിക നിഗമനം. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയ ശ്രീമഹേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ  ജനക്കൂട്ടം രോഷം പ്രകടിപ്പിച്ചു. അവരോട്, ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണു  ശ്രീമഹേഷ് പ്രതികരിച്ചത്. സംഭവ ദിവസം നക്ഷത്രയുമായി ബീച്ചിൽ പോയ ശ്രീമഹേഷ് , മരിച്ചുപോയ ഭാര്യ വിദ്യയുടെ വീട്ടിലേക്കു അവിടെവച്ച് ഫോൺ വിളിച്ചിരുന്നു. നക്ഷത്രയുമായി സംസാരിച്ചപ്പോൾ അടുത്തദിവസം പത്തിയൂരിലെ വീട്ടിലേക്കു വരാമെന്നു പറഞ്ഞാണു ഫോൺ വച്ചതെന്നു വീട്ടുകാർ പറഞ്ഞു.

MORE IN KERALA
SHOW MORE