
വി.എം.സുധീരന്‍ 75ന്റെ നിറവിലെത്തുമ്പോള്‍ കോണ്‍ഗ്രസില്‍ സജീവചര്‍ച്ചയായി മുഖ്യധാരയിലേക്കുള്ള മടങ്ങിവരവ്. കെ.സുധാകരനുമായി അകല്‍ച്ച തുടരുമ്പോഴും പാര്‍ട്ടി പരിപാടികളില്‍ സുധീരന്‍ സജീവമാകുന്നത് ശുഭസൂചനയാണ് കാണുകയാണ് നേതൃത്വം. സുധീരന്റെ അഴിമതിരഹിത പ്രതിച്ഛായയും പൊതുസമൂഹത്തിലെ സ്വീകാര്യതയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായമാണ് പ്രതിപക്ഷനേതാവിനുള്‍പ്പടെ.
ധീരമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അനുയായികളെ കൊണ്ട് ധീരാ ധീരാ സുധീരാ എന്ന് വി.എം.സുധീരന്‍ വിളിപ്പിച്ചത്. സ്പീക്കര്‍, മന്ത്രി, എം.പി, കെ.പി.സി.സി അധ്യക്ഷന്‍. അലങ്കരിച്ച പദവികളെക്കാള്‍ തലയെടുപ്പ് സുധീരന്‍ അന്നും ഇന്നും കൊണ്ടുനടക്കുന്നതാണ് പൊതുമണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മൂല്യം. സ്വന്തം ചികിത്സയ്ക്ക് പാര്‍ട്ടി അനുവദിച്ച പണത്തിന്റെ മിച്ചം സോണിയാഗാന്ധിക്ക് മടക്കിനല്‍കിയ സുധീരന്റെ സത്യസന്ധത ഹൈക്കമാന്‍ഡിനെ അമ്പരിപ്പിച്ചതാണ്. കെ.കരുണാകരനില്‍ ആകൃഷ്ടനായി ഐ ഗ്രൂപ്പിലും ആന്റണിയുടെ ആദര്‍ശത്തില്‍ അലിഞ്ഞ് എ ഗ്രൂപ്പിലും പയറ്റി ഒടുവില്‍ ഉമ്മന്‍ചാണ്ടിയുമായി തെറ്റി ഗ്രൂപ്പ് രാഷ്ട്രീയത്തോട് അകന്ന സുധീരന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ് ഗ്രൂപ്പുകളെ ഞെട്ടിച്ച് രാഹുല്‍ഗാന്ധിയുടെ ടിക്കറ്റില്‍ കെ.പി.സി.സി അധ്യക്ഷനായതാണ്. ഗ്രൂപ്പു അതിപ്രസരത്തില്‍ മനംമടുത്ത് 2017ല്‍ പാര്‍ട്ടിയെ തന്നെ ഞെട്ടിച്ച് അധ്യക്ഷപദം രാജിവച്ച ശേഷം നേതൃത്വത്തോട് എന്നും ഒരു കൈ അകലം പാലിച്ചായിരുന്നു നില്‍പ്പ്. സുധാകരന്‍–സതീശന്‍ കൂട്ടുക്കെട്ടിനെ ആദ്യം അഭിനന്ദിച്ചെങ്കിലും പിന്നീട് തള്ളിപ്പറഞ്ഞു. എ.ഐ.സി.സി, രാഷ്ട്രീയകാര്യസമിതി അംഗത്വങ്ങള്‍ വലിച്ചെറിഞ്ഞ് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ പാര്‍ട്ടി സുധീരനെ മാടിവിളിക്കുകയാണ്. സുധീരനെ മയപ്പെടുത്തി നേതൃനിരയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വി.ഡി.സതീശന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായെന്ന നിലപാടിലാണ് സുധീരന്‍. നേതൃത്വം വ്യക്തികളിലേക്ക് ചുരുങ്ങരുതെന്നും കൂട്ടുത്തരവാദിത്വം വേണമെന്നുമാണ് സുധീരന്‍റെ നിലപാട്. എന്നാല്‍, സംഘടനാ പരിപാടികളില്‍ സജീവമായിവരുന്ന സുധീര സാന്നിധ്യം പാര്‍ട്ടി മുതല്‍ക്കൂട്ടായി കാണുന്നു.