
ദുബായില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങി. മൃതദേഹം കൈപ്പറ്റാനാകില്ലെന്ന് ബന്ധുക്കള്‍ രേഖാമൂലം അറിയിച്ചതോടെ പൊലീസ് എന്‍ഒസി നല്‍കി. സുഹൃത്തുക്കള്‍ മൃതദേഹം കൊച്ചിയിലെത്തിച്ച് സംസ്കരിക്കും.
ദുബായിയില്‍ നിന്ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹവുമായി സുഹൃത്തുക്കള്‍ കാത്തിരുന്നത് പത്ത് മണിക്കൂറിലേറെ. ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചെങ്കിലും പൊലീസിന്‍റെ എന്‍ഒസി വേണമെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ആലുവ പൊലീസ് സ്റ്റേഷന് പുറത്ത് മൃതദേഹവുമായി ആംബുലന്‍സ് കാത്തുകിടന്നത് അഞ്ച് മണിക്കൂര്‍. വിവാഹമോചനം ആവശ്യപ്പെട്ട ജയകുമാറിന്‍റെ മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന് കുടുംബം നേരത്തെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഏറ്റുമാനൂര്‍ സ്വദേശി ആയതിനാല്‍ എന്‍ഒസി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ആലുവ പൊലീസും ചൂണ്ടിക്കാട്ടി.
ഇതോടെ സുഹൃത്തുക്കള്‍ മൃതദേഹവുമായി ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക്. ബന്ധുക്കളെ വിളിച്ചുവരുത്തി നിലപാട് ആരാഞ്ഞു. മൃതദേഹം ഏറ്റെടുക്കാന്‍ തയാറെല്ലെന്ന് ബന്ധുക്കള്‍ രേഖാമൂലം എഴുതി നല്‍കിയതോടെ പ്രതിസന്ധി ഒഴിഞ്ഞു. ഒന്നരമാസം മുന്‍പ് ദുബായിലേക്ക് പോയ ജയകുമാര്‍ 19ന് ജീവനൊടുക്കുകയായിരുന്നു.