
കോഴിക്കോട് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിൽ അഗളിയിൽ തള്ളിയ കേസിൽ 3 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് കൊല്ലപ്പെട്ട കേസിൽ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സിദ്ദീഖിന്റെ ഉടമസ്തതയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെർപ്പുളശേരി സ്വദേശി ഷിബിലി(22), സുഹൃത്ത് ഫർഹാന(18) എന്നിവർ ചെന്നൈയിൽ നിന്നാണ് പിടിയിലായത്. തമിഴ്നാട് പൊലീസ് പിടികൂടിയ പ്രതികളെ അർധരാത്രിയോടെ മലപ്പുറത്ത് എത്തിക്കും. കൂട്ടുപ്രതിയും ഫർഹാനയുടെ സുഹൃതുമായ ആഷിക്കിനെ മൃതതദേഹം തള്ളിയ അഗളിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
എരഞ്ഞിപ്പാലത്തെ ഡികാ സ' ഹോട്ടലിൽ G 3 ,G 4 എന്നിങ്ങനെ 2 മുറികളാണ് സിദ്ദീഖിന്റെ പേരിൽ എടുത്തത്. ഇതിൽ G 4 റൂമിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിൽ കാറിൽ കയറ്റിക്കൊണ്ടു പോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സിദ്ദീഖിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് വഴി 2 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തതിന്റെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകത്തിൽ ഷിബിലിയേയും ആഷിഖിനേയും ബന്ധപ്പെടുത്തുന്ന കണ്ണിയായി പ്രവർത്തിച്ച ഫർഹാനയുടെ പങ്കാണ് കേസന്വേഷണത്തിലൂടെ ഇനി പ്രധാനമായി പുറത്തു വരാനുളളത്.
ദുരൂഹതകള്‍ ബാക്കി
പ്രതികള്‍ പിടിയിലായിട്ടും സിദ്ദിഖിന്റ കൊലപാതകത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ ബാക്കിയാണ്. എന്തിന് വേണ്ടിയാണ് പ്രതികള്‍ സിദ്ദിഖിനെ കൊന്നതെന്നതിന് വ്യക്തമായ ഉത്തരം ഇനിയുമായിട്ടില്ല. സിദ്ദിഖിനെ ഹണി ട്രാപില്‍ പെടുത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. സിദ്ദിഖിന്റ ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ സ്വഭാവദൂഷ്യത്തിന്റ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഇതിന്റ പകയാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.എന്നാല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതിന്റ പേരില്‍ മാത്രം ഇത്തരമൊരു നിഷ്ഠൂരമായ കൊലപാതകം നടത്തുമോ . ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ സിദ്ദിഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ വന്ന് മുറിയെടുത്തു. അതും കോഴിക്കോട് നഗരത്തില്‍ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുള്ളപ്പോള്‍. സിദ്ദിഖിന്റ പേരില്‍ തന്നെയാണ് രണ്ട് മുറിയും ബുക്ക് ചെയ്തിരുന്നത്. വൈരാഗ്യം തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ പ്രതികള്‍ സിദ്ദിഖിന്റ രണ്ട് ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് എന്തിനാണ്. ഷിബിലിക്കും ഫര്‍ഹാനയ്ക്കും ഒപ്പം പിടിയിലായ ആഷിക്കിന്‍റ പങ്ക് എന്താണന്നതും ദൂരൂഹമായി തുടരുന്നു.
സിദ്ദിഖിനെ പ്രതികള്‍ ഹണി ട്രാപില്‍ പെടുത്തിയോ. കൊലപാതകം നടത്താന്‍ നഗരമധ്യത്തില്‍ സിസിടിവി നിരീക്ഷണമുള്ള ഹോട്ടല്‍ തന്നെ എന്തിന് പ്രതികള്‍ തിരഞ്ഞെടുത്തു. മൃതദേഹം വെട്ടിനുറുക്കിയത് തെളിവ് നശിപ്പിക്കാനായിരുന്നോ..കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ. സംശയങ്ങള്‍ ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി നീളുകയാണ്.18നാണോ 19 നാണോ സിദ്ദിഖ് കൊല്ലപ്പെട്ടതെന്ന കാര്യത്തിലും സ്ഥിരീകരിക്കാനായിട്ടില്ല. ഒരുപക്ഷെ കൊലപ്പെടുത്തിയശേഷമായിരിക്കാം പ്രതികള്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ടാകുക. മുഖ്യപ്രതികളായ ഷിബിലിയേയും ഫര്‍ഹാനയേയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത ഒഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ആറു ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്. 1. ഹണിട്രാപ്പ് നടന്നിട്ടുണ്ടോ ?
2 ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ സിദ്ദിഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ വന്ന് മുറിയെടുത്തു ?
3 സിസിടിവി നിരീക്ഷണമുള്ള ഹോട്ടല്‍ തന്നെ എന്തിന് പ്രതികള്‍ തിരഞ്ഞെടുത്തു ?
4 കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ?
5 വൈരാഗ്യം തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ പ്രതികള്‍ സിദ്ദിഖിന്റ പണം അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് എന്തിനാണ്. ?
6 ഫർഹാനയുടെ പങ്കെന്താണ് ?
ഷിബിലി പ്രശ്നക്കാരൻ
ഷിബിലി പ്രശ്നക്കാരൻ ആയിരുന്നുവെന്ന് സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ യൂസഫ് മനോരമ ന്യൂസിനോട്. കടയിൽ നിന്ന് പണം മോഷണം പോകുന്നുവെന്നു മനസിലാക്കിയാണ് ഷിബിലിയെ ഒഴിവാക്കിയത്. സിദ്ധിഖിന്റെ ഹോട്ടലിൽ ആണ് കൊലപാതകത്തിന്റെ ആസൂത്രണമടക്കം ചെയ്തത് എന്നാണ് നിഗമനം.
രണ്ടാഴ്ച മുൻപാണ് വല്ലപ്പുഴ സ്വദേശി ഷിബിലി ഒളവണ്ണയിലെ ചിക് ബേക് എന്ന ഹോട്ടലിൽ ജോലിക്കെത്തുന്നത് . അന്ന് മുതൽ മുകളിൽ കാണുന്ന ആ മുറികളിൽ ഒന്നിലാണ് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയിയിരുന്നു സിദ്ധിഖ്. സംസാര പ്രിയനായ ഷിബിലി പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നുവന്നു ഹോട്ടൽ ജീവനക്കാരൻ യൂസഫ്.
ഹോട്ടലിൽ നിന്ന് പണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷിബിലിയെ നിരീക്ഷിക്കാൻ തുടങ്ങി. പണ പോകുന്നതിനു പിന്നിൽ ഷിബിലി ആണെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പുറത്താക്കാൻ തീരുമാനിച്ചു. ഷിബിലി പോയതിനു പിന്നാലെ ഹോട്ടലിൽ നിന്ന് ഇറങ്ങിപോയ സിദ്ധിഖിനെ പിന്നീട് ആരും കണ്ടിട്ടില്ല.
Hotelier murder: Shibili was earlier accused in POCSO case filed by Farhana